ബെംഗളൂരു : സാഫ് കപ്പ് ഫുട്‌ബോളിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം മണിപ്പൂരിലെ മെയ്‌തി വിഭാഗക്കാരുടെ പതാക പുതച്ച് സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത ഡിഫന്‍സീവ് മിഡ്‌ഫില്‍ഡര്‍ ജീക്‌സണ്‍ സിങ് വലിയ വിവാദത്തിലാണ് അകപ്പെട്ടത്. പുരാതന മണിപ്പൂരിലെ മെയ്‌തി സമുദായത്തിലെ ഏഴ് രാജവംശങ്ങളെ പ്രതിനിധീകരിക്കുന്ന സപ്തവര്‍ണ പതാകയാണ് 22-കാരനായ ജീക്‌സണ്‍ പുതച്ചത്. രണ്ടുമാസമായി മണിപ്പൂരിൽ വംശീയ സംഘർഷം നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൗബാൽ ജില്ലയിൽ നിന്നുള്ള ജീക്‌സണ്‍ സിങ്ങിന്‍റെ നടപടി.
ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ സാമൂഹികവും ദേശീയവുമായ പ്രശ്‌നങ്ങൾ അന്താരാഷ്ട്ര വേദിയിലേക്ക് കൊണ്ടുവരുന്നത് അനാവശ്യമാണെന്നും അരോചകമാണെന്നും പ്രതികരിച്ച് നിരവധി ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ജീക്‌സണെതിരെ നടപടിയെടുക്കണമെന്നും ഇക്കൂട്ടര്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോട് (എഐഎഫ്‌എഫ്) ആവശ്യപ്പെട്ടിരുന്നു.
"ജീക്‌സണ്‍ സിങ് വിഘടനവാദികളുടെ പതാകയുമായി എന്താണ് ചെയ്യുന്നത്. ഇത് ഒരു സംസ്ഥാന/പ്രാദേശിക തല മത്സരമല്ല, മറിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിമാനകരമായ അന്താരാഷ്ട്ര ടൂർണമെന്‍റാണെന്ന് അദ്ദേഹത്തിന് അറിയില്ലേ. ജീക്‌സണിനെതിരെ നടപടിയെടുക്കൂ' - എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ഇന്ത്യ സാഫ് കപ്പ് വിജയം ആഘോഷിക്കുന്ന വേളയില്‍ ഇത്തരമൊരു രാഷ്‌ട്രീയ പ്രസ്‌താവന നടത്തുകയും, ഒരു വിഭാഗത്തെ മാത്രം പിന്തുണയ്‌ക്കുകയും ചെയ്യുന്ന ജീക്‌സണിന്‍റെ നടപടി അണ്‍ പ്രൊഫഷണലാണ്. ജീക്‌സണിന്‍റെ വിഘടനവാദ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്' - മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. താരത്തിനെതിരെ ഇത്തരത്തില്‍ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ജീക്‌സണ്‍ സിങ്. ആരെയും വേദനിപ്പിക്കുകയല്ല, മറിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് തന്‍റെ ഉദ്ദേശ്യമെന്നാണ് ജീക്‌സണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ആരുടേയും വികാരം വ്രണപ്പെടുത്താൻ താന്‍ ആഗ്രഹിക്കുന്നില്ലെന്നും 22-കാരന്‍ തന്‍റെ വിശദീകരണത്തില്‍ പറയുന്നുണ്ട്.
"പതാക പുതച്ചതിലൂടെ ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്‍റെ സ്വന്തം സംസ്ഥാനമായ മണിപ്പൂർ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഉദ്ദേശിച്ചത്. സാഫ് കപ്പിലെ വിജയം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു"- ജീക്‌സണ്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. തന്‍റെ സ്വന്തം സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു ട്വിറ്റില്‍ താരം പറഞ്ഞു.
മെയ്തികളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ അശാന്തിയിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ആക്രമണ സംഭവങ്ങളില്‍ 100-ലധികം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. നിരവധി പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടിയും വന്നിരുന്നു.
ALSO READ:SAFF CUP 2023| 'ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റേത് അഭിമാനകരമായ വിജയം', സാഫ് കപ്പ് നേട്ടത്തില്‍ അഭിനന്ദനവുമായി മുഖ്യമന്ത്രി
അതേസമയം സാഫ് കപ്പിന്‍റെ ഫൈനലില്‍ കുവൈത്തിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന സ്‌കോറിന് സമനില പാലിച്ചതോടെ പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ സഡന്‍ ഡത്തിലൂടെയാണ് ഇന്ത്യ വിജയം നേടിയത്. 4-5 എന്ന സ്‌കോറിനായിരുന്നു ആതിഥേയരായ ഇന്ത്യയുടെ വിജയം. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ഒമ്പതാം കിരീടമാണിത്.