ബെംഗളൂരു : സാഫ് കപ്പ് ഫുട്‌ബോളിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ബെംഗളൂരുവിലെ ശ്രീകണ്‌ഠീവര സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ലെബനനെ ഷൂട്ടൗട്ടിനൊടുവിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോർ 0-0 (4-2). ഇതോടെ ജൂലൈ നാലിന് നടക്കുന്ന ഫൈനലിൽ ഇന്ത്യ കുവൈത്തിനെ നേരിടും.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ നാല് ഷോട്ടുകൾ ലക്ഷ്യം കണ്ടു. ലെബനൻ്റെ ഒരു ഷോട്ട് ഇന്ത്യൻ ഗോളി ഗുർപ്രീത് തടയുകയും ഒന്ന് കിക്ക് ബാറിൽ തട്ടി പാഴായിപ്പോകുകയും ചെയ്‌തു.
സുനിൽ ഛേത്രി, മഹേഷ് സിങ്, അൻവർ അലി, ഉദാന്ത സിങ് എന്നിവരാണ് ഇന്ത്യക്കായി ഷൂട്ടൗട്ടിൽ ഗോളുകൾ നേടിയത്. ലെബനന്‍ നായകൻ ഹസൻ മത്തൂക്കിന്‍റെ ആദ്യ ഷോട്ട് തന്നെ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് തടഞ്ഞു. രണ്ടും മൂന്നും കിക്കുകൾ ലെബനൻ വലയ്‌ക്കുള്ളിലാക്കി. എന്നാൽ നാലാമത്തെ ഷോട്ട് കിക്ക് ബാറിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ലെബനനും ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടമാണ് കാഴ്‌ചവെച്ചത്. പതിഞ്ഞ താളത്തിലാണ് ഇരു ടീമുകളും പന്ത് തട്ടിത്തുടങ്ങിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ എതിർ ടീമിന്‍റെ ഗോൾ പോസ്റ്റിലേക്ക് ഇരച്ചെത്താനും ഇരുവരും മത്സരിച്ചു.
രക്ഷകനായി ഗുർപ്രീത് : പല ഘട്ടങ്ങളിലും ഗോൾ കീപ്പർ ഗുർപ്രീതിന്‍റെ മികച്ച സേവുകളാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. മത്സരത്തിലുടനീളം ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ഇന്ത്യന്‍ താരങ്ങള്‍ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. മത്സരത്തിൽ ആദ്യം മുന്നേറ്റം നടത്തിയത് ലബനനായിരുന്നു. എട്ടാം മിനിട്ടിൽ സെയ്‌ൻ ഫെറാന്‍റെ ഷോട്ട് ഗുർപ്രീത് പിടിച്ചെടുത്തു.
ഇതിനിടെ 20-ാം മിനിട്ടിൽ ലഭിച്ച സുവർണാവസരം ഇന്ത്യ പാഴാക്കി. അനിരുഥ് ഥാപ്പയുടെ ക്രോസ് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന പ്രീതം കോട്ടാലിന് വലയിലെത്തിക്കാൻ സാധിച്ചില്ല. ഇതിനിടെ 31-ാം മിനിട്ടിലും, 42-ാം മിനിട്ടിലും ലെബനന്‍റെ ഗോളെന്നുറച്ച ഷോട്ടുകൾ തട്ടിയകറ്റി ഗുർപ്രീത് ഇന്ത്യയുടെ രക്ഷകനായി. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. 83-ാം മിനിട്ടിൽ ലെബനന്‍റെ മികച്ചൊരു മുന്നേറ്റം ക്രോസ് ബാറിന് മുകളിലൂടെ പോയി. ഇതിനിടെ ഇന്ത്യയും നിരവധി അവസരങ്ങൾ പാഴാക്കി. അധിക സമയത്തിന്‍റെ 96-ാം മിനിട്ടിൽ ലഭിച്ച സുവർണാവസരം സുനിൽ ഛേത്രി പാഴാക്കി.
അധിക സമയത്ത് നിരവധി മുന്നേറ്റങ്ങൾ നടത്താനായെങ്കിലും അവയൊന്നും കൃത്യമായി ഗോളാക്കി മാറ്റാൻ ഇന്ത്യക്കായില്ല. ഇതോടെ മത്സരം രണ്ടാം പകുതിയിലും സമനിലയിലേക്ക് വീണു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഗോളടിക്കാൻ ഇരു ടീമുകളും കഠിന പരിശ്രമം തന്നെ നടത്തി. എന്നാൽ അവിടെയും സമനിലയിൽ കലാശിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ കുവൈത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയുറപ്പിച്ചത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാണ് ലെബനന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കുവൈത്തിനോട് 1-1ന് സമനില വഴങ്ങിയതോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് വീണത്.