മാഞ്ചസ്റ്റർ : പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ആരാധകന്‍റെ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ ക്ഷമാപണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തോല്‍വിയുടെ നിരാശയില്‍ ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും എല്ലാവര്‍ക്കും മാതൃകയാവേണ്ട താന്‍ ഇത്തരത്തില്‍ പൊരുമാറരുതായിരുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഞങ്ങള്‍ ഇപ്പോള്‍ നേരിടുന്നതുപോലെ പ്രയാസമേറിയ ഒരു ഘട്ടത്തെ കൈകാര്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ എന്തുതന്നെയായാലും നമ്മളെപ്പോഴും ബഹുമാനമുള്ളവരായി ശാന്തരായി നിന്ന് കളിയെ സ്നേഹിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവണം'- റൊണാള്‍ഡോ വ്യക്തമാക്കി. യുണൈറ്റഡിന്‍റെ അടുത്ത മത്സരം കാണാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ആരാധകനെ ക്ഷണിക്കുന്നതായും താരം പറഞ്ഞു.