ലിസ്‌ബണ്‍: പ്രായമായെന്നും ഫുട്‌ബോളിൽ റൊണാൾഡോയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞവർക്ക് മറുപടിയുമായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ രംഗത്ത്. തന്‍റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഉടൻ വിരമിക്കൽ തന്‍റെ ആലോചനയിൽ ഇല്ലെന്നുമാണ് താരം വ്യക്‌തമാക്കിയത്. ലോകകപ്പിന് പിന്നാലെ 2024ൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും റൊണാൾഡോ വ്യക്‌തമാക്കി.
'പോരാട്ടം അവസാനിച്ചിട്ടില്ല, 2024ലും കളിക്കും'; വിരമിക്കൽ വാർത്തകൾ നിഷേധിച്ച് റൊണാൾഡോ
2024ൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് റൊണാൾഡോ
ഞാൻ ഇപ്പോൾ കൂടുതൽ ഉത്സാഹവാനാണ്. എന്‍റെ ആഗ്രഹങ്ങൾ വളരെ ഉയർന്നതാണ്. ഒരുപാട് യുവതാരങ്ങളുള്ള ദേശിയ ടീമിലാണ് ഞാൻ കളിക്കുന്നത്. എനിക്ക് ലോകകപ്പിലും യുറോയിലും പങ്കെടുക്കണം. എന്‍റെ കടമ അവിടെ നിറവേറ്റണം. ലിസ്ബണിൽ പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷന്‍റെ (എഫ്.പി.എഫ്) പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം റൊണാൾഡോ വ്യക്‌തമാക്കി.
പോർച്ചുഗലിനായി 189 മത്സരങ്ങളിൽനിന്ന് 117 ഗോളുകളാണ് താരം നേടിയത്. ഖത്തർ ലോകകപ്പ് രാജ്യത്തിനായി കളിക്കുന്ന താരത്തിന്‍റെ പത്താമത്തെ അന്താരാഷ്‌ട്ര ടൂർണമെന്‍റാകും. നിലവിൽ നേഷൻ ലീഗ് മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ് റൊണാൾഡോ. ശനിയാഴ്‌ച ചെക്ക് റിപ്പബ്ലിക്കുമായും ചൊവ്വാഴ്‌ച സ്‌പെയിനിന് എതിരെയുമാണ് പോർച്ചുഗലിന്‍റെ അടുത്ത മത്സരങ്ങൾ.