ദോഹ:ഫിഫ ലോകകപ്പിലെ മത്സരച്ചൂട് കിരീടപ്പോരിലേക്ക് അടുക്കുകയാണ്. അട്ടിമറികള്‍ ഏറെ കണ്ട ഖത്തറില്‍ അര്‍ജന്‍റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, മൊറോക്കോ എന്നീ ടീമുകളാണ് അവസാന നാലിലെത്തിയത്. ഇതില്‍ ആരാവും കപ്പുകയര്‍ത്തുകയെന്ന ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ഖത്തറിലും ചിരവൈരികളായ അര്‍ജന്‍റീനയ്‌ക്കൊപ്പമല്ല 46കാരനായ താരമുള്ളത്. ഇത്തവണയും ഫ്രാന്‍സ് കിരീടമുയര്‍ത്തുമെന്നാണ് റൊണാള്‍ഡോ പറയുന്നത്.
"തുടക്കം തൊട്ടുള്ള എന്‍റെ പ്രവചനം ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ നടക്കുമെന്നായിരുന്നു. പക്ഷെ ബ്രസീല്‍ പുറത്തായി. എന്നാല്‍ ഫ്രാന്‍സ് ടൂര്‍ണമെന്‍റിലെ വലിയ ഫേവറേറ്റായി തുടരുന്നുണ്ട്. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ഇക്കാര്യം അവര്‍ അടിവരയിടുകയാണ്". റൊണാള്‍ഡോ പറഞ്ഞു.
ഫ്രാന്‍സിനെതിരെ മൊറോക്കോ വിജയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിന് സാധ്യതയില്ലെന്നും താരം പറഞ്ഞു. പ്രതിരോധത്തിലായാലും ആക്രമണത്തിലായാലും മധ്യനിരയിലായാലും ഫ്രാൻസിന് വളരെ ഉറച്ച ടീമാണുള്ളതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിന്‍റെ യുവ സ്‌ട്രൈക്കന്‍ എംബാപ്പെയെ റൊണാള്‍ഡോ പ്രകീര്‍ത്തിക്കുകയും ചെയ്‌തു. എംബാപ്പെയ്‌ക്ക് അവിശ്വസനീയമായ കഴിവുകളുണ്ട്. അവ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണയും അവനുണ്ട്. ഏറെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് 23കാരനായ എംബാപ്പെയെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന ഇന്ന് ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം. നാളെ ഇതേസമയമാണ് രണ്ടാം സെമിയില്‍ മൊറോക്കോ- ഫ്രാന്‍സ് പോരാട്ടം.
Also read:അനങ്ങിയാല്‍ റെക്കോഡ് ; ഖത്തറില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്ന നേട്ടങ്ങളറിയാം