ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ തന്‍റെ നൂറാം ഗോള്‍ അന്തരിച്ച മകന് സമര്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഴ്‌സണലിനെതിരെ ശനിയാഴ്‌ച നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ലീഗില്‍ തന്‍റെ നൂറാം ഗോള്‍ നേടിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ ഇടത് കൈ ആകാശത്തേക്ക് ചൂണ്ടിയതാരം ഹൃദയസ്പർശിയായാണ് ഇത് ആഘോഷിച്ചത്.
പ്രീമിയര്‍ ലീഗിലെ നൂറാം ഗോള്‍ അന്തരിച്ച മകന് സമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ ഈ ചിത്രം താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കിടുകയും ചെയ്‌തിട്ടുണ്ട്. മകന്‍റെ വിയോഗത്തിന് പിന്നാലെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ റൊണാൾഡോയുടെ ആദ്യ മത്സരമായിരുന്നു ആഴ്‌സണലിനെതിരെ നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് (ഏപ്രില്‍-19) തങ്ങളുടെ നവജാത ഇരട്ടകളിൽ ഒരാളുടെ മരണം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും അറിയിച്ചത്.
തുടര്‍ന്ന് ആൻഫീൽഡിലെ ലിവർപൂളിനെതിരെ നടന്ന മത്സരത്തില്‍ 37കാരനായ താരം കളിച്ചിരുന്നില്ല. എന്നാല്‍ ഈ മത്സരത്തില്‍ റൊണാള്‍ഡോയ്‌ക്ക് പിന്തുണയുമായി ലിവര്‍പൂള്‍ ആരാധകരെത്തിയത് ചര്‍ച്ചയായിരുന്നു.
also read: IPL 2022: 'അടിപൊളി ബട്‌ലര്‍ ചേട്ടൻ'; മുണ്ടുടുത്ത് സഞ്‌ജുവും ബട്‌ലറും, ഒരു വൈറല്‍ ചിത്രം
മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ സ്റ്റേഡിയത്തില്‍ ഏഴുന്നേറ്റ് നിന്ന ആരാധകര്‍ ഒരു മിനിട്ട് കൈയടിച്ചാണ് ക്രിസ്റ്റ്യാനോയ്ക്കും കുടുംബത്തിനും പിന്തുണ അറിയിച്ചത്. 'യൂ വിൽ നെവർ വോക്ക് എലോൺ' എന്ന ഗാനവും അവർ ആ സമയത്ത് ആലപിച്ചിരുന്നു. ഇതിന് നന്ദിയറിയിച്ച് ക്രിസ്റ്റ്യാനോയുടെ അമ്മ ഡൊളോറസ് അവൈരോ, സഹോദരി എല്‍മ, കാറ്റിയ എന്നിവര്‍ രംഗത്തെത്തിയിരുന്നു.