ആംസ്റ്റർഡാം :സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ പുറത്താക്കിയ റൊണാൾഡ് കൂമാൻ വീണ്ടും പരിശീലക സ്ഥാനത്തേക്ക്. ഖത്തര്‍ ലോകകപ്പിന് ശേഷം നെതർലാൻഡ്‌സ് ദേശീയ ടീമിന്‍റെ ചുമതലയാണ് കൂമാന്‍ ഏറ്റെടുക്കുക. ഡച്ച് ഫുട്ബോൾ അസോസിയേഷൻ കൂമാന്‍റെ തിരിച്ചുവരവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടിയെത്തുന്നതില്‍ അഭിമാനമുണ്ടെന്ന് 59 കാരനായ കൂമാന്‍ ട്വിറ്ററിൽ കുറിച്ചു. ഒരുമിച്ച് പുതിയ വിജയങ്ങൾ നേടുന്നതിനായി, പുതിയ വെല്ലുവിളിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
നേരത്തെ 2018 മുതൽ 2020 വരെ ഡച്ച് ടീമിനെ കൂമാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ക്വികെ സെറ്റിയനെ ബാഴ്‌സ പുറത്താക്കിയതോടെ ടീമിന്‍റെ ചുമതലയേറ്റെടുക്കാനാണ് കൂമാന്‍ ഡച്ച് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. എന്നാൽ മോശം ഫോമിനെ തുടർന്ന് ഈ സീസണിനിടയിൽ ബാഴ്‌സ കൂമാനെയും പുറത്താക്കുകയായിരുന്നു.