മാഡ്രിഡ് : പത്തുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. കലാശപ്പോരാട്ടത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജപ്പെടുത്തിയാണ് റയല്‍ കിരീടം നേടിയത്. ലോസ് ബ്ലാങ്കോസിന്‍റെ 20-ാം സ്‌പാനിഷ് കപ്പ് കിരീടമാണിത്.
തുടക്കം മുതൽ ആക്രമിച്ചുകളിച്ച റയലിന്‍റെ രണ്ട് ഗോളുകളും നേടിയത് യുവതാരം റോഡ്രിഗോയാണ്. മത്സരത്തിന്‍റെ 106-ാം സെക്കൻഡിൽ റയലിനെ മുന്നിലെത്തിച്ച റോഡ്രിഗോ, സ്‌പാനിഷ് കപ്പ് ഫൈനലില്‍, 17 വർഷത്തിനിടയിലുള്ള ഏറ്റവും വേഗമേറിയ ഗോളാണ് സ്വന്തമാക്കിയത്. ലുകാസ് ടോറോയാണ് രണ്ടാമത്തെ മാത്രം കോപ്പ ഡെൽ റേ ഫൈനൽ കളിക്കുന്ന ഒസാസുനയുടെ ഏക ഗോൾ നേടിയത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റോഡ്രിഗോയിലൂടെ മുന്നിലെത്തിയ റയലിനെ 58-ാം മിനിറ്റില്‍ ലുകാസ് ടോറോ നേടിയ ഗോളിലൂടെ ഒസാസുന സമനിലയില്‍ പിടിച്ചു. ഇതോടെ മത്സരം കൂടുതൽ ആവേശകരമായി. റയലിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമാണ് ഒസാസുന പുറത്തെടുത്ത്. എന്നാൽ 70-ാം മിനിറ്റില്‍ റോഡ്രിഗോ തന്‍റെ രണ്ടാം ഗോളിലൂടെ ലോസ് ബ്ലാങ്കോസിന്‍റെ കിരീടം ഉറപ്പിക്കുകയായിരുന്നു.
ALSO READ:ലയണൽ മെസി പിഎസ്‌ജിയിൽ തുടരില്ല; സീസൺ അവസാനത്തോടെ ക്ലബ് വിടും
ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ സെമി ഫൈനലിന്‍റെ ആദ്യ പാദത്തിന് മുന്നോടിയായുള്ള ഈ കിരീടനേട്ടം റയലിന് ആത്മവിശ്വാസം നൽകും. ലാലിഗയില്‍ തുടര്‍ച്ചയായ പരാജയങ്ങളാൽ വലഞ്ഞ റയൽ കിരീടപ്പോരാട്ടത്തിൽ ബാഴ്‌സയേക്കാൾ ഏറെ പിന്നിലാണ്. ബാഴ്‌സയേക്കാൾ 14 പോയിന്‍റിന് പിന്നിലുള്ള റയലിന്‍റെ കിരീടപ്രതീക്ഷ അസ്‌തമിച്ച നിലയിലുമാണ്. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പോരാട്ടം റയലിന് നിർണായകമാണ്.