ദോഹ:ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് പോളണ്ടിന്‍റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌ക്കി. ക്ലബ് ഫുട്ബോളില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ എപ്പോഴും മുന്‍നിരയിലുണ്ടാകാറുള്ള താരത്തിന്‍റെ പേരില്‍ ലോകകപ്പ് ഫുട്‌ബോളിലൊരു ഗോള്‍ ഉണ്ടായിരുന്നില്ല. ഖത്തറില്‍ ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് താരം.
ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്‍റീനയെ തകര്‍ത്തെത്തിയ സൗദി അറേബ്യക്കെതിരെയായിരുന്നു ലെവ പോളണ്ടിനായി തന്‍റെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 82ാം മിനിട്ടിലായിരുന്നു സൂപ്പര്‍ താരത്തിന്‍റെ ബൂട്ടില്‍ നിന്നും ഗോള്‍ പിറന്നത്. ലെവന്‍ഡോസ്‌കിയുടെ ഗോള്‍ സൗദിക്കെതിരെ 2-0ന്‍റെ ആധികാരിക വിജയവും പോളണ്ടിന് സമ്മാനിച്ചു.
2012ല്‍ പോളണ്ടിനായി രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തിയ താരം 2018ല്‍ ആണ് ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയത്. അന്ന് പോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ടീം ആകെ രണ്ട് ഗോള്‍ മാത്രം നേടിയ ടൂര്‍ണമെന്‍റില്‍ തന്‍റെ പേരില്‍ എതിര്‍ ടീം വല കുലുക്കാന്‍ ലെവന്‍ഡോസ്‌കിയ്‌ക്കും സാധിച്ചില്ല.
2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിന് യോഗ്യത നേടാന്‍ പോളണ്ടിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് താരത്തിന്‍റെ ലോകകപ്പ് അരങ്ങേറ്റവും വൈകിയത്. ഇക്കൊല്ലം മെക്‌സിക്കോയ്‌ക്കെതിരെ നടന്ന ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതും ലോകകപ്പ് ഗോള്‍ പട്ടികയില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ലെവന്‍ഡോസ്‌കിയുടെ കാത്തിരിപ്പ് അല്‍പം കൂട്ടിയിരുന്നു. പോളിഷ് പടയ്‌ക്കായി 136 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ലെവ ഇതുവരെ 77 ഗോളുകളാണ് നേടിയിട്ടുള്ളത്.