നൗകാമ്പ്:ബാഴ്‌സലോണയിൽ കാത്തിരിക്കുന്ന വലിയ വെല്ലുവിളിയെ കുറിച്ച് ബോധവാനാണെന്ന് പോളിഷ് താരം റോബട്ട് ലെവൻഡോവ്‌സ്‌കി. നൗകാമ്പിലെ അവതരണത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു താരം. ടീമിനൊപ്പം ചേരുന്നതില്‍ അഭിമാനിക്കുന്നുവെന്നും പോളിഷ് താരം പറഞ്ഞു.
ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ മാത്രമല്ല, മറ്റ് കളിക്കാരെ അവരുടെ ഏറ്റവും മികച്ചത് നൽകാൻ പ്രേരിപ്പിക്കുന്നതും വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ കാലം ക്ലബിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ളതായിരുന്നില്ലെന്ന് അറിയാം. എന്നാല്‍ ഈ ടീമിനൊപ്പം ഭാവി കൂടുതല്‍ മികച്ചതാവാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും ലെവൻഡോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.
ഒമ്പതാം നമ്പര്‍ ജഴ്‌സി ധരിച്ചാണ് ലെവൻഡോവ്‌സ്‌കി ആരാധകര്‍ക്ക് മുന്നിലെത്തിയത്. കഴിഞ്ഞ സീസണിൽ ഡച്ച് താരം മെംഫിസ് ഡിപേയാണ് ഈ നമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നത്. ലെവൻഡോവ്‌സ്‌കിയെ നൗകാമ്പിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ബാഴ്‌സ പ്രസിഡന്‍റ് യുവാൻ ലപോർട്ട പ്രതികരിച്ചു.