ഡെറാഡൂൺ:ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ഹൈവേ വീതി കൂട്ടുന്നതിനായി കനാൽ വഴിതിരിച്ചുവിടൽ പ്രവൃത്തി ആരംഭിച്ചു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് കനാൽ ആണെന്ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് ജലസേചന വകുപ്പിന്‍റെ നടപടി. വിഷയം ഉയർത്തിക്കാട്ടി വാർത്തകൾ വന്നതോടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) സംസ്ഥാനത്തെ ജലസേചന വകുപ്പും ചേർന്ന് കനാൽ വഴിതിരിച്ചുവിടാനും ദേശീയപാത വികസിപ്പിക്കാനും തയ്യാറായി.
ഹൈവേയുടെ ഒരു ഭാഗം കനാൽ ആയതിനാൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഋഷഭ് പന്തിന്‍റെ കാർ ഹൈവേയുടെ കനാൽ ഭാഗത്തേക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ഹൈവേയിൽ വച്ച് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പന്ത് അപകടത്തിൽപ്പെട്ടതോടെ പ്രദേശവാസികൾ കനാൽ പ്രശ്‌നം ഉന്നയിച്ചു.
നേരത്തെ പലതവണ കനാൽ സംബന്ധിച്ചുള്ള വിഷയത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടും വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികളും കാറിന്‍റെ വേഗതയും മറ്റും കൊണ്ടാണ് അപകടം സംഭവിക്കുന്നതെന്നായിരുന്നു അധികൃതരുടെ വാദം. എൻഎച്ച്എഐയും ജലസേചന വകുപ്പും തമ്മിൽ വർഷങ്ങളായി ഇത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു.