ന്യൂഡല്‍ഹി:ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കൊവിഡ് 19 ഭീതി ബാധിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 ബാധയെ തുടർന്ന് സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കില്‍ വിദേശ പര്യടനം ഒഴിവാക്കണമെന്ന് ദേശീയ റൈഫിൾ അസോസിയേഷന്‍ ഷൂട്ടിങ് താരങ്ങളോട് നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ സാഹചര്യങ്ങളിലും ഒരുമിച്ച് പോരാടണമെന്ന് കിരണ്‍ റിജ്‌ജു പറഞ്ഞു.
കൊവിഡ് 19 ഇന്ത്യയുടെ ഒളിമ്പിക്‌സ് പങ്കാളിത്തത്തെ ബാധിക്കില്ല: കിരണ്‍ റിജ്‌ജു - Kiren Rijiju news
ടോക്കിയോ ഒളിമ്പിക്‌സ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് നേരത്തെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിരുന്നു
ഒളിമ്പിക്‌സിനായുള്ള തയാറെടുപ്പുകൾ രാജ്യത്ത് പൂർണതോതില്‍ പുരോഗമിക്കുകയാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ശക്തമായ പങ്കാളിത്തമുണ്ടാകും. ആഗോള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ നിന്നും ഒരു രാജ്യത്തിനും മാറിനില്‍ക്കാനാകില്ല. എല്ലാ ഏഷ്യന്‍ രാജ്യങ്ങൾക്കും ടോക്കിയോ ഒളിമ്പിക്‌സ് ചരിത്ര മുഹൂർത്തമാണ് സമ്മാനിക്കുന്നത്. കായിക താരങ്ങൾ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കിരണ്‍ റിജ്‌ജു ഓർമ്മപ്പെടുത്തി.
നേരത്തെ ടോക്കിയോ ഒളിമ്പിക്‌സ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി വാർത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിലായിരുന്നു ഐഒസി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വൈറസ് ബാധക്ക് എതിരെ മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്‌ഘാടന പരിപാടികൾ ജുലൈ 24-നും സമാപന പരിപാടി ഓഗസ്റ്റ് ഒമ്പതിനും നടക്കും.