പാരിസ്: ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്‌മറെ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജി വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നെയ്‌മറുടെ മാര്‍ക്കറ്റ് പ്രൈസ് കുറച്ചാണ് പിഎസ്‌ജി വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. 30കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്‌ക്ക് ഇടയിലുള്ള വിലയാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.
2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്‌മറുടെ വില്‍പ്പനയ്‌ക്ക് പിന്നിലെന്നാണ് ക്ലബ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നെയ്‌മറെ വില്‍ക്കാന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നെയ്‌മറെ ഒഴിവാക്കിയില്ലെങ്കില്‍ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇരുതാരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായ കാര്യമാണ്. നേരത്തെ പെനാല്‍റ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുതാരങ്ങളും കളിക്കളത്തില്‍വച്ച് തര്‍ക്കിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം നെയ്‌മര്‍ക്കായി ഇംഗ്ലീഷ് ക്ലബുകളായ ന്യൂകാസില്‍ യുണൈറ്റഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2017ൽ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് തുകയ്‌ക്കാണ് നെയ്‌മറെ പിഎസ്‌ജി കൂടാരത്തിലെത്തിച്ചത്. ഈ സീസണിലും മികച്ച പ്രകടനമാണ് പിഎസ്‌ജിക്കായി നെയ്‌മര്‍ നടത്തുന്നത്. 21 മത്സരങ്ങളില്‍ നിന്നും 15 ഗോളുകളും 13 അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.
also read:നെയ്‌മറിനോട് പകതീര്‍ക്കാന്‍ എംബാപ്പെ; പിഎസ്‌ജി വിടാതിരിക്കാന്‍ 3 നിബന്ധനകളുമായി താരം