ദോഹ: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്‍റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച റഫറി മത്തേയു ലഹോസിനെ നാട്ടിലേക്ക് മടക്കി അയച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഈ ലോകകപ്പില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സ്‌പാനിഷ് റഫറിയുണ്ടാവില്ല. എന്നാല്‍ ലാഹോസിനെ ഒഴിവാക്കിയ കാര്യം ഫിഫയോ റഫറിയിങ് പാനലോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അര്‍ജന്‍റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിനിടെയുള്ള ലഹോസിന്‍റെ പല തീരുമാനങ്ങളേയും വിമര്‍ശിച്ച് ഇരു ടീമിലെയും കളിക്കാര്‍ രംഗത്തെത്തിയിരുന്നു. മത്സരശേഷം ലഹോസിനെതിരെ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി തന്നെ തുറന്നടിക്കുകയും ചെയ്‌തു.
നിലവാരമുള്ള കളികള്‍ നിയന്ത്രിക്കേണ്ട ആളല്ല ലാഹോസ് എന്നായിരുന്നു മെസിയുടെ വിമര്‍ശനം. അർജന്‍റൈന്‍ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും ലാഹോസിനെതിരെ രംഗത്തെത്തി. നെതര്‍ലന്‍ഡ്‌സിന് അനുകൂലമായി ബോക്‌സിന് പുറത്ത് രണ്ടിലേറെ തവണ ഫ്രീ കിക്ക് അനുവദിച്ച റഫറി കാരണമില്ലാതെയാണ് 10 മിനിട്ട് ഇഞ്ചുറി ടൈം അനുവദിച്ചതെന്ന് മാർട്ടിനെസ് പറഞ്ഞിരുന്നു.
മത്സരത്തില്‍ 18 തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് എടുത്തത്. ഒരു മത്സരത്തില്‍ പിറന്ന കാര്‍ഡുകളുടെ എണ്ണത്തിലെ റെക്കോഡാണിത്. അതേസമയം ക്രൊയേഷ്യയ്‌ക്കെതിരായ അര്‍ജന്‍റീനയുടെ സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റാണ്. ഇറ്റാലിയന്‍ ലീഗിലെ മികച്ച റഫറിമാരിലൊരാളാണ് ഓര്‍സാറ്റ്.
Also read:ഖത്തറില്‍ ലോകകപ്പ് കിട്ടിയില്ല, പകരം പൂച്ചയെ ദത്തെടുത്ത് ഇംഗ്ലീഷ് താരങ്ങള്‍