മാഡ്രിഡ് : ലാലിഗയിൽ വിയ്യാറയലിനെതിരായ തോൽവിക്ക് പിന്നാലെ റയൽ മാഡ്രിഡിന് തിരിച്ചടി. മത്സര ശേഷം മാഡ്രിഡ് താരം ഫെഡറികോ വാൽവെർദെ വിയ്യാറയൽ താരം അലക്‌സ് ബെയ്‌നയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും വാൽവെർദെ ബെയ്‌നയുടെ മുഖത്ത് ഇടിക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കളിക്കിടെ ഇരുതാരങ്ങളും പരസ്‌പരം വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് മത്സരശേഷമുണ്ടായ അക്രമത്തിൽ കലാശിച്ചതെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡെ വാൽവെർദെയുടെ ഭാര്യയേയും മകനെയും കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞ അലക്‌സ് ബെയ്‌ന താരത്തെ പ്രകോപിക്കാൻ ശ്രമിച്ചിരുന്നു. സീസണിന്‍റെ തുടക്കത്തിൽ വിയ്യാറയലിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിലും ഇത്തരം മോശമായ വാക്കുകളും ആംഗ്യങ്ങളും വെൽവെർദെക്കെതിരെ നടത്തിയിരുന്നു. ജനുവരി 19 ന് കോപ്പ ഡെൽ റേയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴാണ് ബെയ്‌ന ആദ്യം അഭിപ്രായം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
റയൽ മാഡ്രിഡിനെതിരായ ഇന്നലെ നടന്ന മത്സരത്തിലും ഇത്തരം പ്രകോപനപരമായ പദപ്രയോഗങ്ങളും ആംഗ്യങ്ങളും അലക്‌സ് ബെയ്‌ന വീണ്ടും ആവർത്തിച്ചിരുന്നു. ഇതിനെ തുടർന്നാണ് മത്സരശേഷം സ്റ്റേഡിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് വാൽവെർദെ കാത്തുനിൽക്കുകയും മൈതാനത്ത് പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും വാൽവെർദെ ബെയ്‌നയുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ മാഡ്രിഡ് താരത്തിനെതിരെ നിലവിൽ കുറ്റം ചുമത്തിയിട്ടില്ല. രണ്ട് ക്ലബുകളും സംഭത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.