മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. സാന്‍റിയാഗോ ബെർണബ്യൂവിൽ ജർമൻ ക്ലബ് യൂണിയൻ ബെർലിനെ നേരിട്ട റയൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത് (Real Madrid defeated Union Berlin). മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham) നേടിയ ഗോളിലാണ് യൂണിയൻ ബെർലിനെ മറികടന്നത് (Winning goal by Jude Bellingham).
മത്സരത്തിലുടനീളം 32 ഷോട്ടുകൾ തൊടുത്ത റയലിന് വിജയഗോളിനായി അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. യൂണിയൻ ബെര്‍ലിൻ കീപ്പര്‍ റോണോയുടെ പ്രകടനവും റയലിനെ ഗോൾ നേടുന്നതിൽ തടഞ്ഞു. ഇഞ്ച്വറി ടൈമിന്‍റെ നാലാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നാണ് ജർമൻ പ്രതിരോധത്തെ മറികടന്ന് പന്ത് വലിയിലെത്തിച്ചത്.
ബോക്‌സിന് പുറത്തുനിന്നും ഗോൾമുഖം ലക്ഷ്യമാക്കി ഫെഡറികോ വെൽവെർഡെയുടെ ലോങ്റേഞ്ചർ ബെർലിൻ താരം ബ്ലോക് ചെയ്‌തെങ്കിലും ജൂഡിലേക്കാണ് പന്തെത്തിയത്. ഗോൾകീപ്പർ ഇല്ലാത്ത വലയിലേക്ക് അനായാസം പന്തെത്തിച്ച ജൂഡ് ജയമുറപ്പിക്കുകയായിരുന്നു. റയൽ ജഴ്‌സിയിൽ ആറു മത്സരങ്ങളില്‍ നിന്ന് ജൂഡിന്‍റെ ആറാം ഗോളായിരുന്നു ഇത്.
സ്വന്തം കാണികൾക്ക് മുന്നിലിറങ്ങിയ റയൽ മാഡ്രിഡ് നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ലക്ഷ്യം കാണാനായിരുന്നില്ല. കഴിഞ്ഞ സീസണിനൊടുവിൽ ടീം വിട്ട കരിം ബെൻസേമയ്‌ക്ക് പകരക്കാരനായി മികച്ച സ്‌ട്രൈക്കറുടെ അഭാവം മുന്നേറ്റത്തിൽ പ്രകടമായിരുന്നു. ബ്രസീലിയൻ യുവതാരം റോഡ്രിഗോയുടെ ഉള്‍പ്പെടെ രണ്ട് ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും റയലിന് തിരിച്ചടിയായി.
ജയിച്ചു തുടങ്ങി നാപോളി (Napoli beat FC Braga): ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ നാപോളിയും ജയം നേടി. പോര്‍ച്ചുഗീസ് ക്ലബ് ബ്രാഗയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു ഇറ്റാലിയൻ ലീഗ് ജേതാക്കളുടെ ജയം. ജിയോവനി ഡി ലോറൻസോ ആദ്യ ഗോൾ നേടിയപ്പോൾ ബ്രാഗ താരത്തിന്‍റെ സെൽഫ് ഗോളാണ് നാപോളിയ്‌ക്ക് ജയം സമ്മാനിച്ചത്. ബ്രൂമയാണ് ബ്രാഗയുടെ ആശ്വാസ ഗോൾ നേടിയത്.
പോര്‍ച്ചുഗലില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾ ബാക്കിനിൽക്കെ നായകൻ ജിയോവനി ഡി ലോറൻസോ നേടിയ ഗോളിലാണ് നാപോളി ലീഡെടുത്തത്. 84-ാം മിനിറ്റിൽ ബ്രൂമ നേടിയ ഗോളിലൂടെ ഒപ്പമെത്തിയ ബ്രാഗ ഇറ്റാലിയൻ വമ്പൻമാരെ ഞെട്ടിച്ചത്. വിജയഗോളിനായി പൊരുതിയ നാപോളി നാല് മിനിറ്റിനകം മുന്നിലെത്തി. സിലെൻസ്‌കിയുടെ ഷോട്ട് ബ്രാഗ പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.