മാഡ്രിഡ് : സ്പാനിഷ് ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ പോരാട്ടം. റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവില്‍ പുലര്‍ച്ചെ 1.30നാണ് മത്സരം. ലീഗിന്‍റെ തലപ്പത്ത് കുതിപ്പ് തുടരുന്ന റയലിന് രണ്ടാം സ്ഥാനക്കാരായ സെവിയ്യയേക്കാള്‍ 10 പോയിന്‍റെ ലീഡുണ്ട്.
ഇക്കാരണത്താല്‍ മത്സരഫലം എന്തായാലും റയലിന്‍റെ കിരീട മോഹങ്ങള്‍ക്ക് മങ്ങലേല്‍ക്കില്ല. 28 മത്സരങ്ങളില്‍ 66 പോയിന്‍റുമായാണ് റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ തോല്‍വി അവസാന നാലില്‍ നിന്നും ബാഴ്‌സയെ പുറത്താക്കിയേക്കും. 27 മത്സരങ്ങളില്‍ 51 പോയിന്‍റാണ് ബാഴ്‌സയ്‌ക്കുള്ളത്.
ലാ ലിഗയിലെ ടോപ് സ്കോററായ കരീം ബെന്‍സീമ പരിക്കേറ്റ് പുറത്തായത് റയലിന് തിരിച്ചടിയാണ്. താരത്തിന്‍റെ തുടയ്‌ക്കാണ് പരിക്കേറ്റത്. ബെന്‍സീമയ്‌ക്ക് പുറമെ ഫെര്‍ലാന്‍ഡ് മെന്‍ഡിക്കും പരിക്കുമൂലം രണ്ടാഴ്ച കളിക്കാനാവില്ലെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.
അതേസമയം വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി കഴിഞ്ഞ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സയെ കീഴടക്കാന്‍ റയലിനായിട്ടുണ്ട്. എന്നാല്‍ ലാലിഗയില്‍ അവസാനമായി കളിച്ച 10 എവേ മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ലെന്നത് കറ്റാലന്മാര്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന കാര്യമാണ്.
പത്തില്‍ അഞ്ച് മത്സരങ്ങള്‍ ജയിച്ച് കയറിയ ബാഴ്‌സ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ പിടിച്ചു. ഇതില്‍ ഒമ്പത് മത്സരങ്ങള്‍ സാവിക്കൊപ്പമാണ്. സാവിക്കൊപ്പം ഒമ്പത് എവേ വിജയങ്ങളാണ് സംഘം നേടിയത്.