മാഡ്രിഡ്: റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ മുന്നേറ്റതാരമായ വിനീഷ്യസ് ജൂനിയർ തനിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ വംശീയ വിദ്വേഷം വിവാദമായതോടെ പ്രതികരണവുമായി രംഗത്ത്. നെയ്‌മർ, പെലെ, റാഫിഞ്ഞ തുടങ്ങിയ താരങ്ങൾ വിനിഷ്യസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്തരം മോശമായ കാര്യങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് വിനീഷ്യസ് തന്‍റെ പ്രതികരണം അറിയിച്ചത്. 'എന്‍റെ കണ്ണുകളിലെ പ്രകാശത്തേക്കാൾ നിങ്ങൾ എന്‍റെ തൊലിയുടെ നിറത്തിന് പ്രാധാന്യം നൽകുന്ന കാലത്തോളം ഇവിടെ യുദ്ധം ഉണ്ടാകും..' എന്നാണ് താൻ ശരീരത്തിൽ പച്ചകുത്തിയിട്ടുള്ളത് എന്ന് താരം പറഞ്ഞു. “ഇത് പച്ചകുത്താൻ മാത്രമുള്ളതല്ല, തന്‍റെ ജീവിതത്തിൽ ഇത് നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഒരാളാണ് താനെന്നും താരം കൂട്ടിച്ചേർത്തു.
ഒരു കറുത്ത വർഗക്കാരനായ ബ്രസീലുകാരൻ യൂറോപ്പിൽ വിജയക്കൊടി നാട്ടുന്നത് ചിലരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷേ ജയിക്കണമെന്ന തന്‍റെ ആഗ്രഹവും തന്‍റെ കണ്ണുകളിലെ തിളക്കവും നിങ്ങളുടെ സങ്കൽപ്പങ്ങൾക്കുമതീതമാണ്. ഒരൊറ്റ പ്രസ്‌താവനയിലൂടെ താൻ വംശീയതക്കും വിദ്വേഷത്തിനും ഇരയായിരിക്കുകയാണ്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. താരം തുടർന്നു.
ഗോൾ നേടിയ ശേഷമുള്ള തന്‍റെ നൃത്തത്തെ അവർ നേരത്തെ തന്നെ വിമർശിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിച്ചു. പക്ഷെ ഈ നൃത്തം തന്‍റെ മാത്രമല്ല. റൊണാൾഡീഞ്ഞോ, നെയ്‌മർ, ജാവോ ഫെലിക്‌സ്, ഗ്രീസ്‌മാൻ കൂടാതെ ബ്രസീലിയൻ കലാകാരന്മാർ എല്ലാം ഇത്തരത്തിൽ നൃത്തം ചെയ്യുന്നവരാണ്. സാംസ്‌കാരിക വൈവിധ്യം കൊണ്ടാടാനുള്ള ഉപാധിയാണ് ഈ നൃത്തങ്ങൾ. അതിനെ അംഗീകരിക്കുക, ബഹുമാനിക്കുക, താൻ നൃത്തം വെക്കുന്നത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല, താരം തന്‍റെ നിലപാട് വ്യക്തമാക്കി.