മാഡ്രിഡ് : ബ്രസീലിയൻ വണ്ടര്‍ കിഡ് എൻഡ്രിക് ഫെലിപെയെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് അടുത്തിടെ റാഞ്ചിയിരുന്നു. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടേയും കടുത്ത വെല്ലുവിളി മറികടന്നാണ് നിലവിൽ ബ്രസീലിയൻ ക്ലബ് പാൽമീറാസിന്‍റെ താരമായ 16കാരനെ റയല്‍ സ്വന്തമാക്കിയത്.
ഏകദേശം 526 കോടി രൂപയാണ് റയല്‍ എൻഡ്രിക്കിനായി മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത കളിക്കാര്‍ വിദേശത്തേക്ക് മാറുന്നത് തടയുന്ന ബ്രസീലിലെ നിയമങ്ങൾ കാരണം 18 വയസ് തികയുന്ന 2024 ജൂലായ് മുതലാവും താരം റയലിനായി കളത്തിലിറങ്ങുക. 2027 വരെയാണ് കരാർ കാലാവധിയെന്നാണ് റിപ്പോർട്ടുകള്‍.
തന്‍റെ നാലാം വയസില്‍ പന്തുതട്ടിത്തുടങ്ങിയ എൻഡ്രിക്കിന്‍റെ കളി ചിത്രീകരിച്ച് പിതാവ് ഡഗ്ലസ് സൂസ യൂട്യൂബിൽ ഇട്ടതോടെയാണ് താരത്തെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. തുടര്‍ന്ന് ജോലിയില്ലാതിരുന്ന പിതാവിനെ സഹായിക്കാനാണ് എൻഡ്രിക് ഫുട്‌ബോളിലേക്ക് തിരിയുന്നത്. 11ാം വയസില്‍ പാൽമീറാസിന്‍റെ യൂത്ത് ടീമിലെത്തിയ താരം 169 കളികളിൽനിന്ന് 165 ഗോളുകളാണ് അടിച്ച് കൂട്ടിയത്.