പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് നാലാം റൗണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ വമ്പൻമാർക്കെല്ലാം സമനില. റയൽ മാഡ്രിഡ്, പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, ഡോർട്ട്‌മുണ്ട് ടീമുകളാണ് സമനിലയുമായി രക്ഷപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റി കോപ്പൻഹേഗനെതിരെ ഗോൾരഹിത സമനില വഴങ്ങിയപ്പോൾ ബെൻഫിക്കയാണ് പിഎസ്ജിയെ 1-1 ൽ കുടുക്കിയത്. ഷാക്തറിനെതിരെ ഒരു ഗോളിന് പിന്നിലായ റയൽ മാഡ്രിഡ് ഇഞ്ച്വറി സമയത്തെ ഗോളിലാണ് സമനിലയുമായി രക്ഷപ്പെട്ടത്.
റയലിന്‍റെ രക്ഷകനായി റൂഡിഗർ; യുക്രൈൻ ക്ലബ് ഷാക്തറിനെതിരെ തോൽവിയിൽ നിന്നും രക്ഷപ്പെട്ട് റയൽ മാഡ്രിഡ്. മത്സരത്തിൽ ഏറെ നേരവും ലീഡ് കൈവശം വച്ച ഷാക്തർ ഇഞ്ച്വറി സമയത്തെ ഗോളിലാണ് ജയവും മൂന്ന് പോയിന്‍റും കൈവിട്ടത്. മത്സരത്തിന്‍റെ 46-ാം മിനുറ്റിൽ ഒലക്‌സാണ്ടർ സുബ്‌കോവ് ആണ് ഷാക്തറിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ സമനിലക്കായി പൊരതിയ റയൽ കൂടുതൽ ആക്രമണങ്ങൾ നടത്തിെയങ്കിലും ഗോൾ അകന്നു നിന്നു. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങാൻ സെക്കന്‍റുകൾ ബാക്കിനിൽക്കെയാണ് അന്‍റോണിയോ റൂഡിഗർ ഗോൾ നേടിയത്. 95-ാം മിനുറ്റിൽ ടോണി ക്രൂസിന്‍റെ പാസിൽ നിന്നായിരുന്നു ഗോൾ. നാല് മത്സരത്തിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്‍റുള്ള റയൽ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. 5 പോയിന്‍റുള്ള ഷാക്തർ മൂന്നാമതാണ്.
മാഞ്ചസ്റ്റർ സിറ്റിയെ പൂട്ടി കോപ്പൻഹേഗൻ; ഗ്രൂപ്പ് ജിയിൽ ഹാലൻഡ് ഇല്ലാതെയിറങ്ങിയ സിറ്റിക്ക് സമനില. പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരം മുന്നിൽ കണ്ടാണ് യൂർഗൻ ക്ലോപ്പ് ഹാലൻഡിനെ ബെഞ്ചിലിരുത്തിയത്. 12-ാം മിനുറ്റിൽ റോഡ്രി നേടിയ ഗോൾ വാർ നിഷേധിച്ചു. ഗോളിനുള്ള മുന്നേറ്റത്തിനിടെ മെഹ്‌റസിന്‍റെ ഹാൻഡ് ബോളാണ് സിറ്റിക്ക് വിനയായത്.
25-ാം മിനുറ്റിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. മെഹ്‌റസിന്‍റെ പെനാൽറ്റി കോപ്പൻഹേഗൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ പ്രതിരോധ താരം സെർജിയോ ഗോമസ് ചുവപ്പ് കാർഡ് കണ്ടതോടെ മുപ്പതാം മിനുറ്റിൽ തന്നെ സിറ്റി 10 പേരായി ചുരുങ്ങി. തുടർന്ന് കൂടുതൽ ഗോളവസരങ്ങൾ സൃഷ്‌ടിക്കാനാവത്ത സിറ്റി സമനിലയുമായി കളം വിട്ടു.