മാഡ്രിഡ് : ഹലാൻഡിനായി ഏകദേശം ആറുമാസത്തോളമാണ് റയൽ മാഡ്രിഡ് മാനേജർ പെരെസ് താരത്തിന്‍റെ ഏജന്‍റായിരുന്ന മിനോ റിയോളയുമായി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നത്. അഞ്ചുവർഷത്തെ കരാറും റെക്കോർഡ് ശമ്പളവും സ്വപ്‌ന തുല്യമായ ബോണസും വാഗ്‌ദാനം ചെയ്തെങ്കിലും താരം റയൽമാഡ്രിഡിൽ ചേരാൻ വിസമ്മതിക്കുകയായിരുന്നു. റയലിന്‍റെ ഓഫർ നിരസിച്ചിച്ച ഹലാൻഡ് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്‌റ്റർ സിറ്റിയിൽ ചേരുകയായിരുന്നു.
ഹലാൻഡിനെക്കൂടാതെ പെരെസിന്‍റെ പ്രധാന ലക്ഷ്യമായിരുന്നു പിഎസ്‌ജി സൂപ്പർതാരം എംമ്പാപ്പെ. 200 മില്ല്യൺ വരെ റിലീസ് ക്ലോസ് പ്രഖ്യാപിച്ചു പി.എസ്.ജി മാനേജ്മെന്‍റിനെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും എമ്പാപ്പെയും റയലിനെ തഴഞ്ഞു. ഹലാൻഡിനെ സ്വന്തമാക്കാനാകാത്ത നിരാശ എംമ്പാപ്പെയെ ഫ്രീ ട്രാൻസ്‌ഫറിൽ സാന്‍റിയാഗോ ബെർണാബ്യുവിൽ എത്തിച്ചാൽ തീരുമെന്നാണ് മാനേജ്‌മെന്‍റ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പിഎസ്‌ജിയുമായി മൂന്ന് വർഷത്തേക്ക് കരാർ പുതുക്കിയ എംമ്പാപ്പെ റയൽ മാനേജ്‌മെന്‍റിനും ആരാധകർക്കും നിരാശ സമ്മാനിച്ചു.
ഭാവിയിലെ സൂപ്പർതാരങ്ങളായ എംബാപ്പെ, ഹലാൻഡ് എന്നിവർ എന്തുകൊണ്ട് റയൽ മാഡ്രിഡിനെ വേണ്ടെന്നുവച്ചു. കാരണങ്ങൾ നോക്കാം.
പരിക്കിനെ കുറിച്ചുള്ള ആവലാതി ; ട്രെയിനിങ്ങ് ഗ്രൗണ്ടുകളിലും ഫിറ്റ്നസ് സെന്‍ററുകളിലും വെച്ച് ഏറ്റവും കൂടുതൽ ഫൗൾ നേരിടുന്നത് റയൽ മാഡ്രിഡ് താരങ്ങളാണ്. പരിക്കിന്‍റെ പിടിയിൽ നിന്നും ഒരിക്കലും മുക്തമാവാത്ത ഹസാർഡ് തന്നെ അതിന് ഉത്തമ ഉദാഹരണമാണ്.
ബെഞ്ചിൽ ഒതുങ്ങുമോ എന്ന ഭീതി ; സൂപ്പർതാര ബഹുലമായ റയൽമാഡ്രിഡിൽ ബഞ്ചിൽ ഒതുക്കപ്പെട്ട കക്ക, ജെയിംസ് റോഡ്രിഗസ്, ഗ്യാരത് ബെയിൽ തുടങ്ങിയവരുടെ പാത തങ്ങൾക്കും പിൻപറ്റേണ്ടി വരുമോ എന്ന ആശങ്ക ഹലാന്‍ഡിന്‍റെയും എംമ്പാപ്പെടെയും കുടുംബങ്ങൾക്ക് ഉണ്ട്.
പെരെസിന്‍റെ കടും പിടുത്തം ;രണ്ടുവർഷം കഴിഞ്ഞാൽ ഹലാന്‍ഡിന്‍റെ റിലീസ് ക്ലോസ് 150 മില്യൺ ആക്കണം എന്ന് ഏജന്‍റ് ആവശ്യപ്പെട്ടിരുന്നുവെന്നും പെരെസ് സമ്മതിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ആവശ്യം അംഗീകരിച്ച സിറ്റിയുടെ കരാറാണ് ഹലാൻഡ് സ്വീകരിച്ചത്.
ഫ്രീ ട്രാൻസ്‌ഫറിൽ വരുന്നതുകൊണ്ട് തനിക്ക് ട്രാൻസ്‌ഫർ ഫീ ബോണസ് ആയി 75 മില്യൺ നൽകണമെന്ന് എംബാപ്പയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകിയില്ലെങ്കിൽ 35 മില്യണ്‍ സാലറി ആണെങ്കിലും സമ്മതിക്കാം എന്ന നിലപാടെടുത്തിരുന്നു ഫ്രഞ്ച് താരത്തിന്‍റെ ഏജന്‍റുമാർ. എന്നാൽ ഇവ രണ്ടും അംഗീകരിക്കാൻ സാധിക്കില്ലെന്നും 50 മില്യൻ യൂറോ ബോണസായി നൽകാമെന്നും 25 മില്യൺ സാലറി നിശ്ചയിക്കാം എന്നുമുള്ള റയൽ മാഡ്രിഡ് മാനേജ്മെന്‍റിന്‍റെ കരാർ അംഗീകരിക്കാൻ കൂട്ടാക്കാതെ എംബാപ്പെ പി. എസ്.ജിയിൽ തന്നെ കരാറൊപ്പിട്ടു.
യൂറോപ്പിനെയൊന്നാകെ ട്രാൻസ്‌ഫർ റെക്കോർഡുകൾ കൊണ്ട് കിടിലം കൊള്ളിച്ച ഗാലക്റ്റികോസ് ഉപജ്ഞാതാവായ ഫ്ലോറന്‍റിനോ പെരെസിന് രണ്ട് യുവതാരങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. പണം കൊണ്ടും പവർ കൊണ്ടും ഫുട്ബോളിലെ ഒന്നും സ്ഥിരമാക്കി കൈപ്പിടിയിൽ നിർത്താൻ സാധിക്കില്ലെന്ന് ചരിത്രം വീണ്ടും അടയാളപ്പെടുത്തുന്നു. പെരെസിനും റയൽമാഡ്രിഡിനും അവരുടെ വീക്ഷണങ്ങൾക്കും ഏറ്റ കനത്ത തിരിച്ചടിയായി ഈ ട്രാൻസ്‌ഫർ മാർക്കറ്റ് ഭാവിയിൽ വിലയിരുത്തപ്പെടും.