മാഡ്രിഡ്: ബെർണബ്യൂവില്‍ ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്ന് റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒന്നിനെതിരായ മൂന്ന് ഗോളിന്‍റെ പിൻബലത്തിലാണ് റയല്‍ സെമി പ്രവേശം ഉറപ്പാക്കിയത്. ഇരുപാദങ്ങളിലുമായി 5-4 എന്ന അഗ്രിഗേറ്റ് സ്കോറിൽ റയൽ വിജയം നേടുകയായിരുന്നു.
ബെർണബ്യൂവില്‍ കണ്ടത് പൊടിപാറിയ പോരാട്ടമായിരുന്നു. ബെർണാബ്യൂവിൽ ചെൽസിയുടെ തിരിച്ചു വരവിനാണ് ആദ്യ 75 മിനിറ്റുകൾ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്‍റെ 15-ാം മിനിറ്റിൽ തന്നെ മേസൺ മൗണ്ടിന്‍റെ തകർപ്പൻ ഷോട്ടിലൂടെ അക്കൗണ്ട് തുറന്നു ചെൽസി, 51-ാം മിനിറ്റിൽ തങ്ങളുടെ രണ്ടാം ഗോളും നേടി. മൗണ്ടിന്‍റെ കോർണറിൽ നിന്ന് റുഡിഗറാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്.
റുഡിഗറുടെ ഗോളിലുടെ അഗ്രിഗേറ്റ് സ്കോറിൽ 3-3 ന് ഒപ്പമെത്തിയ ചെൽസി 75-ാം മിനിറ്റിൽ ടിമോ വെർണറിന്‍റെ ഗോളിലൂടെ മൂന്നാം ഗോൾ നേടി ബെർണാബ്യൂവിനെ നിശബ്‌ദമാക്കിയെങ്കിലും റയലിന്‍റെ തിരിച്ചുവരവിനാണ് പിന്നീട് മത്സരം സാക്ഷ്യം വഹിച്ചത്. 80ാം മിനിറ്റിൽ ലൂകാ മോഡ്രിചിന്‍റെ കിടിലനൊരു പാസില്‍ റോഡ്രിഗോയുടെ മികച്ച ഫിനിഷ്.