മാഡ്രിഡ്: ലാലിഗയിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. ഗെറ്റാഫയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. മൂന്നാം മിനുറ്റിൽ ലൂക മോഡ്രിച്ചിന്‍റെ കോർണറിൽ നിന്ന് ഹെഡറിലൂടെ എഡർ മിലിറ്റാവോയാണ് വിജയഗോൾ നേടിയത്. റയൽ മാഡ്രിഡിനായി മിലിറ്റാവോയുടെ 100-ാം മത്സരമായിരുന്നുവിത്.
53-ാം മിനുറ്റിൽ റയൽ ലീഡ് ഇരട്ടിയാക്കിയെങ്കിലും റോഡ്രിഗോ ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ബാഴ്‌സലോണയെ മറികടന്ന് ഒന്നാമതെത്തി. ഇന്ന് സെൽറ്റ വിഗോയെ നേരിടുന്ന ബാഴ്‌സലോണക്ക് ജയം നേടാനായാൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാം.
ലാലിഗയിലെ മറ്റൊരു മത്സരത്തിൽ ജിറോണക്കെതിരെ അത്ലറ്റികോ മാഡ്രിഡിന് വിജയം. ഇരട്ട ഗോളുമായി അർജന്‍റീനൻ താരം ഏഞ്ചൽ കൊറിയ തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലറ്റികോയുടെ വിജയം. ഇതോടെ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും സിമിയോണിയുടെ ടീമിനായി. ജിറോണ പതിമൂന്നാം സ്ഥാനത്താണ്.
ജർമ്മൻ ക്ലാസികോയിൽ ആവേശസമനില; സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ബയേൺ മ്യൂണികിനെ നേരിട്ട ബൊറൂസിയ ഡോർട്ടുമുണ്ട് അവസാന മിനുറ്റിൽ ആന്റണി മോഡസ്റ്റെ നേടിയ ഗോളിലാണ് 2-2 ന്‍റെ സമനില സ്വന്തമാക്കിയത്.
33-ാം മിനുറ്റിൽ ജമാൽ മുസിയാലയുടെ ലിയോൺ ഗൊർട്ടേസ്‌കയുടെ ഗോളിൽ ബയേൺ ആദ്യം ലീഡെടുത്തു. രണ്ടാം പകുതിയിൽ ലിറോയ് സാനെ ബവേറിയൻസിന്‍റെ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോളിന് പിന്നിലായ ഡോർട്ട്‌മുണ്ട് കൂടുതൽ ആക്രമണവുമായി ബയേൺ ഗോൾമുഖം വിറപ്പിച്ചു. ഡോർട്ട്‌മുണ്ടിനായി 74-ാം മിനുറ്റിൽ മോഡസ്റ്റയുടെ പാസിൽ യുവതാരം യൂസഫ് മൗകോകോ ആദ്യ ഗോൾ മടക്കി.
90-ാം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡുമായി കിങ്‌സ്‌ലി കോമാൻ പുറത്തായതോടെ ബയേൺ 10 പേരിലേക്ക് ചുരങ്ങി. ജയത്തോടെ മൂന്ന് പോയിന്‍റ് ഉറപ്പിച്ച ബയേണിന്‍റെ ഹൃദയം തകർന്നത് 95-ാം മിനുറ്റിൽ ആന്‍റണി മോഡസ്റ്റയുടെ ഗോളിലാണ്. നിലവിൽ ബയേൺ മൂന്നാമതും ഡോർട്ടുമുണ്ട് നാലാമതുമാണ്.
ബ്രാഹിം ഡിയാസ് മാജിക്; ഇറ്റാലിയൻ സീരി എയിൽ വമ്പൻ പോരാട്ടത്തിൽ യുവന്‍റസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു എ സി മിലാൻ. സീസണിൽ മോശം തുടക്കം ലഭിച്ച യുവന്‍റസ് മറ്റൊരു തോൽവി കൂടി വഴങ്ങുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ യുവന്‍റസ് ആധിപത്യം കണ്ടെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചത് മിലാൻ ആയിരുന്നു. ഗോൾ രഹിതമാവും എന്ന് തോന്നിപ്പിച്ച ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഒലിവിയോ ജിറൗഡ് നൽകിയ പാസിൽ നിന്നു ടൊമോറി മിലാനു ആദ്യ ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 54-ാം മിനുറ്റിൽ പിറന്നത് ബ്രാഹിം ഡിയാസ് മാജിക് ആയിരുന്നു. സ്വന്തം പകുതിയിൽ നിന്നു യുവന്‍റസ് താരം സമ്മാനിച്ച പന്ത് പിടിച്ചെടുത്തു കുതിച്ച ഡിയാസ് വേഗത കൊണ്ടും ഡ്രിബിളിങ് മികവ് കൊണ്ടും യുവന്‍റസ് താരങ്ങളെ മറികടന്നു. തുടർന്ന് സുന്ദരമായ ആ സോളോ ഗോൾ നേടി താരം മിലാൻ ജയം ഉറപ്പിച്ചു.
ഒരു ഗോൾ തിരിച്ചടിക്കാൻ എങ്കിലും യുവന്‍റസ് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. നിലവിൽ മിലാൻ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 9 മത്സരങ്ങൾക്ക് ശേഷം എട്ടാം സ്ഥാനത്ത് ആണ് യുവന്‍റസ്.