മാഡ്രിഡ് : ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ, ലയണൽ മെസി അടക്കം മികച്ച താരങ്ങളുടേതായിരുന്ന സ്‌പാനിഷ് ലീഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം വലൻസിയക്കെതിരായ മത്സരത്തിലാണ് താരം വീണ്ടും ആരാധകരുടെ അധിക്ഷേപങ്ങൾക്ക് ഇരയായത്.
സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടതോടെ മത്സരം പത്ത് മിനിറ്റോളം നിർത്തിവച്ചു. തുടർന്ന് കളി പുനരാരംഭിച്ചുവെങ്കിലും വലൻസിയ ഗോൾകീപ്പറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട വിനീഷ്യസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി.
മത്സരശേഷം വിനീഷ്യസ് പ്രതികരണവുമായി രംഗത്തെത്തി. ലാ ലിഗയിൽ വംശീയാധിക്ഷേപം നേരിടുന്നത് ഇതാദ്യമല്ലെന്നും ലീഗിൽ ഇത് സാധാരണമായിരിക്കുന്നുവെന്നും താരം ചൂണ്ടിക്കാട്ടി. ലാലിഗ ഫെഡറേഷനും സ്വഭാവികമെന്നോണമാണ് ഇതിനെ നോക്കിക്കാണുന്നത്. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. തുടർച്ചയായി നടക്കുന്ന മോശം സംഭവങ്ങൾ എനിക്ക് പ്രതിരോധിക്കാനാവില്ല. പക്ഷേ വംശീയവാദികൾക്കെതിരെ ഞാൻ അവസാനം വരെ പോരാടും' - വിനീഷ്യസ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ALSO READ :അര ഡസന്‍ പരാതികള്‍, വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപത്തില്‍ നടപടി മാത്രമില്ല
മെസ്റ്റല്ലയിൽ (സെവിയ്യയുടെ സ്റ്റേഡിയം) എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും വിദ്വേഷ കുറ്റകൃത്യം കണ്ടെത്തിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ലാ ലിഗ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ ലാ ലിഗ ഒമ്പത് തവണ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ലാ ലിഗ വർഷങ്ങളായി ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ കളിക്കളത്തിലും പുറത്തും പോരാടുകയും കളിയുടെ നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്' - അധികൃതർ വ്യക്തമാക്കി.