ലണ്ടൻ: കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിന്‍റെ തനിയാവർത്തനം. പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രതാപികളായ ലിവർപൂൾ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ സ്വന്തം തട്ടകത്തിൽ നേരിടുന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ തങ്ങളെയകറ്റിയ റയലിനെതിരെ കണക്ക് ചോദിക്കാനിറങ്ങിയ ചെമ്പട മത്സരത്തിന്‍റെ 15 മിനുട്ടുകൾക്കകം രണ്ട് ഗോളുകൾക്ക് മുന്നിലെത്തുന്നു. പഴയ പ്രതാപം വീണ്ടെടുത്തെന്ന് ആരാധകരെ തോന്നിപ്പിച്ച നിമിഷങ്ങൾ..
പിന്നീട് മത്സരത്തിൽ തിരിച്ചുവരവുകൾ പേരുകേട്ട കാർലോ ആഞ്ചലോട്ടിയുടെ സംഘത്തിന്‍റെ അഴിഞ്ഞാട്ടത്തിനാണ് ആൻഫീൽഡ് സാക്ഷിയായത്. രണ്ട് ഗോളുകൾക്ക് പിന്നിലായ റയൽ അഞ്ച് ഗോളുകളാണ് ലിവർപൂളിന്‍റെ വലയിലെത്തിച്ചത്. ഇതോടെ തുടർച്ചയായ രണ്ടാം സീസണിലാണ് ലിവർപൂളിന്‍റെ കിരീടമോഹങ്ങൾക്ക് മേൽ റയൽ മാഡ്രിഡ് വിലങ്ങുതടിയാകുന്നത്. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയർ, കരിം ബെൻസേമ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ എഡർ മിലിറ്റാവോയുടെ വകയായിരുന്നു ഒരു ഗോൾ. ലിവർപൂളിനായി ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാഹ് എന്നിവർ ഓരോ ഗോൾ വീതം നേടി.
ആൻഫീൽഡിൽ മത്സരം ആരംഭിച്ച് 4-ാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. വലതുവിങ്ങിൽ നിന്നും മുഹമ്മദ് സലാഹ് നൽകിയ പാസിൽ നിന്നും ഡാർവിൻ ന്യൂനസ് ആതിഥേയർക്കായി ലക്ഷ്യം കണ്ടു. ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പും ആരാധകരും പ്രതീക്ഷിച്ച തുടക്കം. തുടക്കത്തിലെ ആധിപത്യം നിലനിർത്തിയ ചെമ്പട 14-ാം മിനുട്ടിൽ ലീഡുയർത്തി. കാർവജാലിൽ നിന്നും പാസ് സ്വീകരിച്ച ഗോൾകീപ്പർ തിബോ കുർട്ടോയ്‌ക്ക് പിഴച്ചു. താരത്തിന്‍റെ കാലിൽ തട്ടിത്തെറിച്ച പന്ത് കൈക്കലാക്കിയ സലാഹ് അനായാസം പന്ത് വലിയിലെത്തിച്ചു.