ലണ്ടൻ : സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ അത്ഭുതങ്ങളും അട്ടിമറികളുമില്ല. ചെൽസിക്കെതിരെ ആധികാരിക ജയത്തോടെ യുവേഫ ചാമ്പ്യൻസ് സെമിഫെനലിൽ ഇടംപിടിച്ച് റയൽ മാഡ്രിഡ്. ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച റയൽ ഇരുപാദങ്ങളിലുമായി 4-0 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് സ്‌പാനിഷ് വമ്പൻമാരുടെ വിജയം. രണ്ടാം പകുതിയിൽ യുവതാരം റോഡ്രിഗോ നേടിയ ഇരട്ടഗോളുകളാണ് ചെൽസിയുടെ പുറത്താകൽ എളുപ്പമാക്കിയത്.
ആദ്യ പാദത്തിലെ രണ്ട് ഗോളുകളുടെ കടവുമായി ഇറങ്ങിയ ചെൽസി മികച്ച രീതിയിലാണ് മത്സരം തുടങ്ങിയത്. എൻഗോളോ കാന്‍റെ, മാർക് കുകുറേയ്യ എന്നിവരിലൂടെ ചെൽസി ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ കോർട്ടോയിസ് റയലിന്‍റെ രക്ഷയ്‌ക്കെത്തി. മറുവശത്ത് റയൽ മാഡ്രിഡും ചെൽസി ഗോൾകീപ്പർ കെപ്പയെ പരിക്ഷിച്ചു. എങ്കിലും ആദ്യ പകുതിയിൽ ചെൽസിയുടെ ആധിപത്യം തന്നെയായിരുന്നു.
പതിവുപോലെ രണ്ടാം പകുതിയിൽ കൂടുതൽ മികവ് കാണിച്ച റയൽ മാഡ്രിഡ് 58-ാം മിനിറ്റിൽ ആദ്യ ലീഡെടുത്തു. റോഡ്രിഗോ തുടങ്ങിവച്ച കൗണ്ടർ അറ്റാക്കിൽ നിന്നും വിനീഷ്യസ് ജൂനിയറിലേക്കെത്തി. വിനീഷ്യസ് തിരികെ റോഡ്രിഗോയ്‌ക്ക് നൽകിയ പാസ് ബ്രസീലിയൻ യുവതാരം അനായാസം വലയിലെത്തിച്ചു. ഇതോടെ സെമിയുറപ്പിച്ച റയൽ കൂടുതൽ മാറ്റങ്ങൾ വരുത്തി. ബെൻസേമയെ പിൻവലിച്ച് ചൗമേനിയ കളത്തിലിറക്കിയ റയൽ മധ്യനിരയിൽ നിയന്ത്രണം ഉറപ്പിച്ചു.
ഗോൾ വഴങ്ങിയതോടെ ചെൽസിയും മാറ്റങ്ങൾ കൊണ്ടുവന്നു. ഒരേ സമയം മൂന്ന് താരങ്ങളെ മാറ്റി പരീക്ഷിച്ചെങ്കിലും ഗോൾ മടക്കാനായില്ല. 80-ാം മിനിറ്റിൽ വാൽവെർദെ നൽകിയ നെടുനീളൻ പാസിൽ നിന്നും ഗോൾകീപ്പറെ മറികടന്ന റോഡ്രിഗോ റയലിന്‍റെ ജയം ആധികാരികമാക്കി.
ഗ്രഹാം പോട്ടറിനെ പുറത്താക്കിയതോടെ ചെൽസിയുടെ പരിശീലകനായെത്തിയ ലമ്പാർഡിന് കീഴിൽ കളിച്ച നാല് മത്സരത്തിലും ചെൽസി പരാജയപ്പെട്ടു. 1993ന് ശേഷം ആദ്യമായാണ് ചെൽസി തുടർച്ചയായി നാല് മത്സരങ്ങൾ തോൽക്കുന്നത്. അവസാന 13 ചാമ്പ്യൻസ് ലീഗ് സീസണിൽ റയലിന്‍റെ 11-ാം സെമിഫൈനൽ പ്രവേശനമാണിത്.
16 വർഷത്തിന് ശേഷം എസി മിലാന് ആദ്യ സെമി ഫൈനൽ: ഇറ്റാലിയൻ ക്ലബുകളായ എസി മിലാൻ-നാപോളി മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. 43-ാം മിനിറ്റിൽ ഒലിവർ ജിറൂഡ് നേടിയ ഗോളിൽ ലീഡെടുത്ത മിലാനെ ഇഞ്ച്വറി സമയത്ത് വിക്‌ടര്‍ ഒസിമെൻ നേടിയ ഗോളിലാണ് നാപോളി സമനില പിടിച്ചത്. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ 1-0 ന്‍റെ വിജയം എസി മിലാന് സെമി ടിക്കറ്റുറപ്പിച്ചു. 2007ന് ശേഷം ആദ്യമായാണ് എസി മിലാൻ ചാമ്പ്യൻ ലീഗ് സെമിയിലെത്തുന്നത്.
എസി മിലാനെതിരെ നാപോളിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. നേരത്തെ സീരി എയിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ട നാപോളി ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദത്തിലും തോൽവിയറിഞ്ഞിരുന്നു. ലീഗ് കിരീടം ഏകദേശം ഉറപ്പിച്ച നാപോളിക്ക് അവസാന മൂന്ന് മത്സരങ്ങളിൽ ജയിക്കാനായിട്ടില്ല.