മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോളിലെ വമ്പൻമാരായ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസേമ ക്ലബ് വിടുന്നു. ഈ സീസൺ അവസാനത്തോടെ റയലുമായുള്ള കരാർ അവസാനിക്കുന്ന ബെൻസേമ ടീം വിടുന്നതിൽ ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ് അധികൃതർ രംഗത്തെത്തി. ക്ലബുമായുള്ള 14 വർഷത്തെ ബന്ധമാണ് 35കാരനായ ഫ്രഞ്ച് താരം അവസാനിപ്പിക്കുന്നത്.
'ഒരു കളിക്കാരനെന്ന നിലയിൽ നായകൻ കരിം ബെൻസേമയും റയൽ മാഡ്രിഡും അദ്ദേഹത്തിന്‍റെ ഉജ്വലവും അവിസ്‌മരണീയവുമായ ഒരു യുഗത്തിന് വിരാമമിടാൻ സമ്മതിച്ചു. ഞങ്ങളുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാൻ മാഡ്രിഡ് ആഗ്രഹിക്കുന്നു’, ക്ലബ് പ്രസ്‌താവനയിൽ അറിയിച്ചു.
സീസൺ അവസാനത്തോടെ ബെൻസേമ റയൽ വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലബിലെ താരത്തിന്‍റെ ഭാവിയെക്കുറിച്ച് അധികൃതർ തന്നെ വ്യക്തത വരുത്തിയത്. ഫ്രഞ്ച് സ്‌ട്രൈക്കർ സൗദി ലീഗിലേക്ക് ചേക്കേറുമെന്നാണ് നിലവിൽ റിപ്പോർട്ടുകൾ.
സൗദി ക്ലബ്ബ് അൽ ഇത്തിഹാദ് ആണ് ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫറുമായി രംഗത്തുള്ളത്. രണ്ട് വർഷത്തെ കരാറിൽ 400 മില്യൺ യൂറോയാണ് ഇത്തിഹാദ് താരത്തിന് വാഗ്‌ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തിഹാദുമായി താരത്തിന്‍റെ ഏജന്‍റ് ചർച്ചകൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് പൊന്നും വിലയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയ അതേവർഷം തന്നെയാണ് ബെൻസേമയും സാന്റിയാഗോ ബെർണബ്യൂവിലെത്തുന്നത്. 35 മില്യൺ യൂറോയ്‌ക്ക് ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നാണ് ബെൻസേമ റയലിലെത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേല്‍ വാൻ ഡെർ വാട്ട്, അർജന്‍റൈൻ താരം ഹിഗ്വയിൻ, ബ്രസീലിന്‍റെ കക്ക എന്നിവരടക്കമുള്ള മുൻനിരയിൽ ബെൻസേമയുടെ സ്ഥാനം എന്നും ബെഞ്ചിലായിരുന്നു.
തൊട്ടടുത്ത സീസണിൽ ഇതിഹാസ പരിശീലകൻ ജൊസെ മൗറിന്യോ പരിശീലകനായി എത്തിയതോടെ റയലില്‍ ബെൻസേമയ്ക്ക് അവസരങ്ങൾ ലഭിച്ചുതുടങ്ങി. ആദ്യ ഇലവനിൽ കിട്ടിയ അവസരങ്ങളെല്ലാം മികച്ച രീതിയിൽ വിനിയോഗിച്ച താരം റയലിന്‍റെ മുന്നേറ്റ നിരയിലെ നിർണായക സാന്നിധ്യമായി മാറി. ഹിഗ്വയിനും വാൻ ഡെർ വാട്ടും ടീം വിട്ടതോടെ മുന്നേറ്റ നിരയിൽ ക്രിസ്റ്റ്യാനോയ്ക്ക് ഉത്തമ പങ്കാളിയായി ബെൻസേമ മാറിയിരുന്നു. ക്രിസ്റ്റ്യാനോ ഗോളടിച്ചു കൂട്ടിയപ്പോൾ അസിസ്റ്റുകളുമായി ബെൻസേമ മൈതാനത്ത് നിറഞ്ഞ് കളിച്ചു.
2018ല്‍ ക്രിസ്റ്റ്യാനോ റയലിനോട് വിടപറഞ്ഞ് ഇറ്റാലിയൻ ക്ലബായ യുവന്‍റസിലേക്ക് പോയതോടെ ബെൻസേമ ഗോളടിക്കാരന്‍റെ വേഷത്തിലേക്ക് മാറുകയായിരുന്നു. റയല്‍ കിതച്ചു നിന്നപ്പോഴെല്ലാം യുവതാരങ്ങളെ കൂട്ടുപിടിച്ച ബെൻസേമ, ഗോളടിച്ചു കൂട്ടിയതോടെ റയൽ വീണ്ടും ടോപ് ഗിയറിൽ കുതിച്ചു. റൊണാൾഡോയ്‌ക്ക് ശേഷം രണ്ട് ലാലിഗയും ഒരു ചാമ്പ്യൻസ് ലീഗും റയലിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2021-22 സീസണിൽ ലാലിഗയിലെയും ചാമ്പ്യൻസ് ലീഗിലെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ബെൻസേമ ബാലൺ ദ്യോറും സ്വന്തമാക്കി.
ആരെയും മോഹിപ്പിക്കുമന്ന റയലിന്‍റെ വെള്ളക്കുപ്പായത്തിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. റയലിന്‍റെ എക്കാലത്തേയും മികച്ച ഗോളടി വേട്ടക്കാരില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നിൽ രണ്ടാമനാണ് ബെന്‍സേമ. റൊണാൾഡോ 450 ഗോളുകൾ നേടിയപ്പോൾ നിലവിൽ 353 ഗോളുകളാണ് ഫ്രഞ്ച് താരത്തിന്‍റെ സമ്പാദ്യം.
ബെൻസേമയെ കൂടാതെ ബെൽജിയൻ താരം എഡൻ ഹസാർഡ്, സ്‌പാനിഷ് താരം മാർകോ അസെൻസിയോ എന്നിവരും ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിനോട് വിടപറയും. ചെൽസിയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ എത്തിയ ഹസാർഡിനെ നിരന്തരമായി പരിക്ക് വേട്ടയാടിയതാണ് റയലിലെ കരിയർ അവതാളത്തിലായത്. അതേസമയം ആദ്യ ഇലവനിൽ തുടർച്ചയായി അവസരം കുറഞ്ഞതോടെയാണ് അസെൻസിയോ ടീം വിടുന്നത്. ഫ്രഞ്ച് ലീഗിലെ വമ്പൻമാരായ പിഎസ്‌ജിയിലേക്കാണ് താരം ചേക്കേറുന്നതാണ് റിപ്പോർട്ടുകൾ.