ഹെൽസിങ്കി: യുവേഫ സൂപ്പർ കപ്പിൽ മുത്തമിട്ട് സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. സൂപ്പർ കപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ജർമ്മൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർടിനെയാണ് കീഴടക്കിയത്. ഇരുപകുതികളിലുമായി ഡേവിഡ് അലാബ, സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ എന്നിവർ ഗോൾ കണ്ടെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ആൻസലോട്ടിയും സംഘവും സ്വന്തമാക്കിയത്.
ഹെൽസിങ്കിയിൽ നടന്ന പോരാട്ടത്തിൽ മികച്ച രീതിയിൽ തുടങ്ങിയ ഫ്രാങ്ക്ഫർട് തുടക്കത്തിൽ തന്നെ റയലിന് വെല്ലുവിളി സൃഷ്‌ടിച്ചു. തുടക്കത്തിൽ തന്നെ ഫ്രാങ്ക്ഫർട് രണ്ട് തവണ റയൽ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ കോർട്ടോയുടെ സേവുകളാണ് അവരെ ഗോളിൽ നിന്നും അകറ്റിയത്. മറുവശത്ത് വിനീഷ്യസിന് അവസരം കിട്ടിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.
37-ാം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് അലാബയിലൂടെയാണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. പെനാൽട്ടി ബോക്‌സിൽ ൽ രണ്ട് ഹെഡറുകൾ പിന്നാലെയാണ് അലാബയുടെ ഗോൾ പിറന്നത്. ഈ ഗോളിന്‍റെ ബലത്തിൽ റയൽ മാഡ്രിഡ് ആദ്യ പകുതി 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത റയലിനെയാണ് മൈതാനത്ത് കണ്ടത്. വിനീഷ്യസിനും കസേമിറയ്‌ക്കും ഒരോ അവസരങ്ങൾ വീതം ലഭിച്ചെങ്കിലും രണ്ടാം ഗോൾ അകന്ന് നിന്നു. പിന്നാലെ 65-ാം മിനുറ്റിൽ ബെൻസേമയാണ് സ്‌പാനിഷ് വമ്പൻമാരുടെ രണ്ടാം ഗോൾ നേടിയത്. വിനീഷ്യസിന്‍റെ പാസിൽ നിന്നായിരുന്നു ബെൻസേമയുടെ ഫിനിഷ്. ഈ ഗോൾ റയൽ മാഡ്രിഡിന് വിജയവും കിരീടവും ഉറപ്പാക്കി.
സൂപ്പർ കപ്പ് ജയത്തോടെ റയലിന് കിരീടവുമായി പുതിയ സീസൺ തുടങ്ങാനായി. ലോസ് ബ്ലോങ്കോസിന്‍റെ നാലാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്. അതോടൊപ്പം 2022 ൽ റയൽ മാഡ്രിഡിന്‍റെ നാലാം കിരീടമാണിത്. ലിവർപൂളിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം ഷെൽഫിലെത്തിച്ച റയൽ സ്‌പാനിഷ് സൂപ്പർകപ്പും ലാ ലിഗയും സ്വന്തമാക്കിയിരുന്നു.