മാഡ്രിഡ്:സ്‌പാനിഷ് ലീഗിൽ ഒസാസുനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഡേവിഡ് അലാബ, മാര്‍കോ അസെൻസിയോ, ലൂക്കാസ് വാസ്ക്വെസ് എന്നിവരാണ് റയലിന്‍റെ സ്കോറർമാർ. സൂപ്പര്‍താരം കരീം ബെന്‍സേമ ഇരട്ട പെനാല്‍റ്റികള്‍ നഷ്‌ടപ്പെടുത്തില്ലായിരുന്നെങ്കിൽ റയലിന്‍റെ വിജയം ഇതിലും മികച്ചതാകുമായിരുന്നു.
12-ാം മിനുറ്റില്‍ അലാബയുടെ ഗോളില്‍ മുന്നിലെത്തിയ റയലിനെ തൊട്ടടുത്ത മിനിറ്റില്‍ ബുഡിമിര്‍ നേടിയ ഗോളിലൂടെ ഒസാസുന ഒപ്പമെത്തി. എന്നാല്‍ 45-ാം മിനുറ്റില്‍ അസെൻസിയോയും ഇഞ്ചുറിടൈമില്‍ വാസ്ക്വെസും നേടിയ ഗോളുകള്‍ റയലിന് 1-3ന്‍റെ ജയമൊരുക്കി. ഇതിനിടെ 52, 59 മിനുറ്റുകളില്‍ പെനാല്‍റ്റിയിലൂടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ബെന്‍സേമ പാഴാക്കുകയായിരുന്നു.
33 മത്സരങ്ങളില്‍ 78 പോയിന്‍റോടെ റയല്‍ പോയിന്‍റ് പട്ടികയിൽ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 61 ഉം ഒരു മത്സരം കുറവ് കളിച്ച് മൂന്നാമതുള്ള ബാഴ്‌സലോണയ്‌ക്ക് 60 ഉം പോയിന്‍റുമാണുള്ളത്. ലീഗിൽ ബാക്കിയുള്ള അഞ്ച് കളിയിൽ നാലു പോയിന്‍റ് കൂടെ ലഭിച്ചാൽ റയലിന് അവരുടെ 35-ാം കിരീടം ഉയർത്താം.
ALSO READ:ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രൈറ്റനെ മറികടന്ന് സിറ്റി, കിരീടപ്പോര് കനത്തു; ലണ്ടൻ ഡർബിയിൽ ആർസനൽ
ഫ്രഞ്ച് ലീഗിൽ പിഎസ്‌ജി;പിഎസ്‌ജി ഫ്രഞ്ച് ലീഗ് കിരീടം ഏകദേശം ഉറപ്പിച്ചു. അവസാന മത്സരത്തിൽ ആംഗേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് പിഎസ്‌ജി ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കിലിയൻ എംമ്പാപ്പെ, സെർജിയോ റാമോസ്, മാർക്വിഞ്ഞോസ് എന്നിവരാണ് പിഎസ്‌ജിയ്‌ക്കായി ഗോൾ നേടിയത്. ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 77 പോയിന്‍റാണ് പിഎസ്‌ജിക്കുള്ളത്. രണ്ടാമതുള്ള മാഴ്‌സയ്‌ക്ക് 62 പോയിന്‍റാണുള്ളത്.