മാഡ്രിഡ് :യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) അവസാന പതിനാറില്‍ ഇടം പിടിച്ച് മുന്‍ ചാമ്പ്യന്മാരയ റയല്‍ മാഡ്രിഡ് (Real Madrid), ബയേണ്‍ മ്യൂണിക്ക് (Bayern Munich) ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരവും ജയിച്ചാണ് ഇരു ടീമുകളുടെയും മുന്നേറ്റം. അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡ് പോര്‍ച്ചുഗല്‍ ക്ലബായ സ്പോർട്ടിങ് ബ്രാഗയെ (Sporting Braga) തകര്‍ത്തപ്പോള്‍ ടര്‍ക്കിഷ് ടീം ഗലറ്റാസറേയ്‌ക്ക് (Galatasaray FC) എതിരെ ആയിരുന്നു ബയേണിന്‍റെ ജയം.
ഹാരി കെയ്‌ന്‍റെ ഗോളടിമേളം...:ബയേണ്‍ മ്യൂണിക്ക് ജഴ്‌സിയിലും ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ (Harry Kane) ഗോള്‍ വേട്ട തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഗലറ്റാസറേയ്‌ക്കെതിരായ മത്സരത്തില്‍ ഹാരി കെയ്‌ന്‍റെ ഇരട്ട ഗോള്‍ മികവില്‍ 2-1 എന്ന സ്കോറിനാണ് ബയേണ്‍ മ്യൂണിക്ക് ജയം പിടിച്ചത് (Bayern Munich vs Galatasaray FC). നിശ്ചിത സമയത്തിന്‍റെ അവസാന പത്ത് മിനിറ്റിലായിരുന്നു ഹാരി കെയ്‌ന്‍റെ ഇരു ഗോളും പിറന്നത്.
ബയേണിന്‍റെ തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോളുകളൊന്നും നേടാന്‍ സാധിച്ചില്ല. മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെടുത്തെങ്കിലും ഒന്നും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ആതിഥേയര്‍ക്കും സന്ദര്‍ശകര്‍ക്കും ഒന്നാം പാദത്തില്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഇരു ടീമും മുന്നേറ്റം ഒന്നുകൂടി കടുപ്പിച്ചു.
80-ാം മിനിറ്റിലാണ് ഹാരി കെയ്‌ന്‍ ബയേണിന് ലീഡ് സമ്മാനിക്കുന്നത്. ജോഷുവ കിമ്മിച്ചിന്‍റെ ഫ്രീ കിക്കില്‍ നിന്നുമായിരുന്നു ഹാരി കെയ്‌ന്‍ ഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ കെയ്‌ന്‍ ബയേണിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ സെഡ്രിക് ബകാംബുവാണ് (Cedric Bakambu) ഗലറ്റാസറേയ്‌ക്കായ് ആശ്വാസ ഗേള്‍ നേടിയത്.