ക്യാമ്പ് നൗ:കരീം ബെൻസേമയുടെ ഹാട്രിക് കരുത്തിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ് കോപ്പ ഡെൽ റെ ഫൈനലിൽ. ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകളുടെ ജയം നേടിയ മാഡ്രിഡ് ഇരു പാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനാണ് ജയിച്ചുകയറിത്. റയലിന്‍റെ ഒരു ഗോൾ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്‍റെ വകയായിരുന്നു.
തുടർച്ചയായി മൂന്ന് എൽ ക്ലാസികോ മത്സരങ്ങളിൽ റയലിനെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെയിറങ്ങിയ ബാഴ്‌സലോണയ്‌ക്ക് പരാജയം തിരിച്ചടിയായി. ഏകദേശം 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് റയൽ മാഡ്രിഡ് കോപ്പ ഡെൽ റെ ഫൈനൽ കളിക്കുന്നത്. 2014 ൽ ആണ് അവസാനമായി ഫൈനൽ കളിച്ചത്.
ആദ്യ പാദത്തിലെ ഒരു ഗോളിന്‍റെ ആത്മവിശ്വാസത്തിൽ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ ഇറങ്ങിയ ബാഴ്‌സ രണ്ടാം മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് അപകടം വിതച്ചെങ്കിലും കാർവജാൽ രക്ഷകനായി. ആദ്യ പകുതിയുടെ തുടക്കത്തിൽ ബാഴ്‌സയുടെ മുന്നേറ്റങ്ങൾ മാഡ്രിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. മത്സരം പലപ്പോഴും പരുക്കനായതോടെ സെർജിയോ റോബർട്ടോ, ഗാവി, വിനീഷ്യസ് എന്നിവർ മഞ്ഞക്കാർഡ് കണ്ടു.
ആദ്യ പകുതി സമനിലയിൽ പിരിയുമെന്ന് തോന്നിപ്പിച്ച സമയത്താണ് റയൽ ആദ്യമായി ലീഡെടുക്കുന്നത്. ബാഴ്‌സയുടെ മുന്നേറ്റം ഗോൾകീപ്പർ കുർട്ടോ രക്ഷപ്പെടുത്തിയതിന് പിന്നാലെ റയൽ നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ വന്നത്. ബെൻസേമയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ലക്ഷ്യം കണ്ടത്.
ഒരു ഗോളിന്‍റെ ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞ റയൽ കൂടുതൽ മുന്നേറ്റങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 49-ാം മോഡ്രിച്ചിന്‍റെ പാസിൽ നിന്നും ബെൻസേമ ആദ്യ വെടി പൊട്ടിച്ചു. ഇതോടെ മത്സരത്തിന്‍റെ ആധിപത്യം പൂർണമായും ഏറ്റെടുത്ത റയൽ, ബാഴ്‌സയുടെ ഗോൾമുഖം വിറപ്പിച്ചു. 58-ാം മിനിറ്റിൽ വിനീഷ്യസിനെ ബോക്‌സിൽ വീഴ്ത്തിയതിന് റയലിന് അനുകൂലമായ പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ബെൻസേമ അനായാസം ഗോൾകീപ്പർ ടെർസ്റ്റീഗനെ കീഴടക്കി.
മൂന്നാം ഗോൾ വഴങ്ങിയതോടെ ബാഴ്‌സ തികച്ചും ചിത്രത്തിലില്ലാതായി. 80-ാം മിനിറ്റിലാണ് ബെൻസേമയുടെ ഹാട്രിക് ഗോൾ പിറന്നത്. കൗണ്ടർ അറ്റാക്കിൽ നിന്നും വിനീഷ്യസ് നൽകിയ പാസിൽ നിന്നാണ് ഫ്രഞ്ച് താരത്തിന്‍റെ മൂന്നാം ഗോൾ. നാലാം ഗോൾ വഴങ്ങിയതിന് പിന്നാലെ അരാഹോ വിനീഷ്യസിനെതിരായി തിരിഞ്ഞതോടെ മത്സരം വാക്‌പോരിലേക്ക് നീങ്ങി.
ഫൈനലിൽ ഒസാസുനയാണ് റയലിന്‍റെ എതിരാളികൾ. അത്‌ലറ്റിക് ബിൽബാവോയെ 2-1ന് തോൽപ്പിച്ചാണ് ഒസാസുന കലാശപ്പോരിനെത്തുന്നത്. 20-ാം കോപ്പ ഡെൽ റെ കിരീടമാണ് റയലിന്‍റ ലക്ഷ്യം
കരീം ബെൻസേമയുടെ തുടർച്ചയായ രണ്ടാം ഹാട്രിക് നേട്ടമാണിത്. നേരത്തെ ലാ ലീഗയിൽ റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ എട്ട് മിനിറ്റുകൾക്കിടെയാണ് ഫ്രഞ്ച് സ്‌ട്രൈക്കർ ഹാട്രിക് സ്വന്തമാക്കിയത്. 29,32,36 മിനിറ്റുകളിലായിരുന്ന ഗോൾനേട്ടം. ഇതോടെ റയൽ മാഡ്രിഡിൽ 11 സീസുണുകളിൽ ഇരുപതോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ താരമാകാനും ബെൻസേമക്കായിരുന്നു. ക്ലബ് ഇതിഹാസങ്ങളായ ഡി സ്റ്റെഫാനോ, റൗൾ ഗോൺസാലസ് എന്നിവർ 10 സീസണുകളിൽ 20-ലധികം ഗോളുകൾ നേടിയിട്ടുണ്ട്.