പാരിസ്: ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ലോകകപ്പിലെ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന 29 കാരനായ താരം 2018ലെ റഷ്യൻ ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിലും അംഗമായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം തന്‍റെ വിരമിക്കൽ തീരുമാനമറിയിച്ചത്. ക്ലബ് ഫുട്ബോളില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വരാന്‍ തുടർന്നും കളിക്കും.
'ഒരു ദശാബ്‌ദക്കാലം നമ്മുടെ മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഓരോ തവണയും ഈ നീല ജേഴ്‌സി ധരിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. മാസങ്ങളായി ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു.
കുട്ടിക്കാലത്ത് 1998ൽ ഫ്രാൻസ് ടീമിനെ പിന്തുടരുന്നത് ഞാൻ ഓർക്കുന്നു. ഈ കളിക്കാർ ഞങ്ങളെ വിവരണാതീതമായ വികാരങ്ങൾ അനുഭവിക്കാൻ ഇടയാക്കി. നമ്മുടെ നായകന്മാരെപ്പോലെയാകാൻ ഞാൻ സ്വപ്‌നം കണ്ടു. 20 വർഷങ്ങൾക്ക് ശേഷം, എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവം എനിക്കുണ്ടായി, അത് എന്നെ ശരിക്കും അഭിമാനിപ്പിച്ചു.
ഞങ്ങൾ ലോകകപ്പ് ഫ്രാൻസിലേക്ക് കൊണ്ടുവന്നു. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. 2018 ജൂലൈ 15, അന്നുണ്ടായ ഓരോ വികാരങ്ങളും ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. അത് എന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്തായതും മറക്കാനാവാത്തതുമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. ഞങ്ങൾ ഒരുമിച്ച് നേടിയതായിരുന്നു ഈ വിജയം.
പ്രധാനമായി ഈ പാതയിൽ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ല. നിങ്ങളുടെ ആവേശവും ആഘോഷങ്ങളും ഫ്രാൻസിലേക്കുള്ള ഞങ്ങളുടെ തിരിച്ചുവരവിന്‍റെ ഓർമകളും എന്‍റെ മനസിൽ എന്നന്നേക്കുമായി നിലനിൽക്കും. കഴിഞ്ഞ വർഷം ഫൈനലിലെ തോൽവിക്ക് ശേഷവും നിങ്ങൾ ഞങ്ങളെ ഹീറോകളായി സ്വീകരിച്ചു. ഒരായിരം നന്ദി.
നിങ്ങളോടൊപ്പമുള്ള ഈ നിമിഷങ്ങൾ എനിക്ക് തീർച്ചയായും നഷ്‌ടമാകും. പക്ഷേ പുതിയ തലമുറ ടീമിനെ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റെടുക്കാൻ തയ്യാറുള്ള, അവസരം അർഹിക്കുന്ന, നിങ്ങളെ ആവശ്യമുള്ള പ്രതിഭാധനരായ ഒരു കൂട്ടം യുവതാരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങൾക്ക് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി. റാഫ.'താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രതിരോധക്കോട്ടയുടെ കരുത്ത്: ഫ്രാന്‍സിനായി 93 മത്സരങ്ങളിലാണ് വരാനെ പന്തുതട്ടിയിട്ടുള്ളത്. രാജ്യാന്തര കരിയറില്‍ അഞ്ച് ഗോളുകളും താരത്തിന്‍റെ പേരിലുണ്ട്. 2013ല്‍ 19-ാം വയസിൽ ജോര്‍ജിയക്കെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഫ്രാന്‍സിനായി റാഫേല്‍ വരാനെയുടെ അരങ്ങേറ്റം. ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലത്തില്‍ കളിച്ചാണ് വരാനെ ഫ്രാന്‍സ് സീനിയര്‍ ടീമിലേക്ക് കടന്നുവരുന്നത്.
2014ല്‍ ആദ്യമായി ദെഷാംസ് വരാനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ടൂർണമെന്‍റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് താരങ്ങളുടെ അവസാന പട്ടികയില്‍ താരം ഇടംപിടിച്ചു. ഇതേ വർഷം ഒക്‌ടോബറില്‍ അർമേനിയക്കെതിരായ മത്സരത്തിന്‍റെ പാതിസമയത്ത് ആംബാന്‍ഡ് ധരിച്ചതോടെ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്താനും വരാനെക്കായി.
2014ൽ സ്വീഡനെതിരായ മത്സരത്തില്‍ വരാനെ തന്‍റെ ആദ്യ രാജ്യാന്തര ഗോള്‍ നേടി. 2016-ലെ യൂറോ കപ്പില്‍ പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ശക്‌തമായി തിരിച്ചെത്തിയ താരം 2018-ലെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. ഫ്രാൻസ് കിരീടമുയർത്തിയ ആ ലോകകപ്പിൽ എല്ലാ മത്സരത്തിലും സ്റ്റാർട്ടിങ് ഇലവനില്‍ ഇറങ്ങി പൂർണ സമയവും വരാനെ പന്ത് തട്ടി.
2018ൽ ലോകകപ്പിന് പുറമേ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വര്‍ഷം തന്നെ ലോകകപ്പ് ജേതാവും ചാമ്പ്യന്‍സ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായി മാറാനും ഇതിലൂടെ വരാനെക്കായി. 2021ല്‍ യുവേഫ നേഷന്‍ ലീഗ് നേടിയ ടീമിലും വരാനെ അംഗമായിരുന്നു.