പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ പ്രതിരോധ താരം അഷ്‌റഫ് ഹക്കീമി പീഡനക്കുരുക്കിൽ. ഹക്കീമി പീഡിപ്പിച്ചുവെന്ന 24 കാരിയുടെ ആരോപണത്തില്‍ മൊറോക്കന്‍ താരത്തിനെതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 25ന് ഹക്കീമിയുടെ വീട്ടിൽ വച്ചാണ് പീഡനമുണ്ടായതെന്നാണ് യുവതിയുടെ ആരോപണം.
കഴിഞ്ഞ ഞായറാഴ്‌ച പൊലീസ് സ്റ്റേഷനിലെത്തിയ യുവതി സംഭവം റിപ്പോർട്ട് ചെയ്തെങ്കിലും പരാതി നല്‍കിയിട്ടില്ലെന്നാണ് ഫ്രഞ്ച് ദിനപ്പത്രമായ പാരിസിയൻ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ആരോപണം ഉന്നയിച്ച യുവതിയും ഹക്കീമിയും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ അരോപണത്തില്‍ പ്രതികരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
സംഭവത്തില്‍ പിഎസ്‌ജിയും 24കാരനായ താരവും ഇതേവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ മൊറോക്കോയുടെ കുതിപ്പില്‍ നിര്‍ണായകമായ താരമാണ് അഷ്‌റഫ് ഹക്കീമി. ഇതോടെ ഫിഫ്പ്രോ പുരുഷ ലോക ടീമിലും ഇടം നേടാന്‍ മൊറോക്കന്‍ താരത്തിന് കഴിഞ്ഞിരുന്നു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഹക്കീമിയുടെ കരിയറിന് വമ്പന്‍ തിരിച്ചടി ഉറപ്പാണ്. ഞായറാഴ്‌ച പിഎസ്‌ജി ചിരവൈരികളായ മാഴ്‌സെയെ നേരിട്ടപ്പോള്‍ ഹക്കീമി ഇറങ്ങിയിരുന്നില്ല. പരിക്കാണ് മൊറോക്കന്‍ താരത്തെ പുറത്തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
ഡാനി അല്‍വസ് ജയിലില്‍ തന്നെ:പീഡനക്കേസില്‍ പിടിയിലായ ബ്രസീലിയൻ ഫുട്ബോളര്‍ ഡാനി ആൽവസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സ്‌പാനിഷ് കോടതി തള്ളിയിരുന്നു. ഡാനി ആൽവസ് രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ കേസില്‍ അന്വേഷണം തീരും വരെ താരം ജയിലില്‍ കഴിയണമെന്നാണ് ഫെബ്രുവരി 26ന് കോടതി വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 30ന് ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്‌ത്രീ നല്‍കിയ പരാതിയില്‍ ജനുവരി മുതല്‍ താത്‌കാലിക തടവിലാണ് 39കാരന്‍. പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇരയുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ കേൾക്കുകയും ചെയ്‌ത ശേഷമാണ് താരത്തെ ജയിലിലടക്കാൻ കോടതി ഉത്തരവിട്ടത്. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ആല്‍വസ് നിഷേധിച്ചിരുന്നു.
പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരമാണെന്നാണ് താരം പറഞ്ഞിരുന്നത്. മോചിതനായാൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്യാനും ട്രാക്കിങ് ഉപകരണം ധരിക്കാനും ആല്‍വസ് തയ്യാറാണെന്ന് താരത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ദിവസേനയാണെങ്കിലും കോടതിയിലും അധികാരികൾക്കും മുമ്പില്‍ ആവശ്യമുള്ളപ്പോഴെല്ലാം ഹാജരാവാന്‍ തയ്യാറാണ്.
പരാതിക്കാരിയുടെ വീടിന്‍റേയോ ജോലിസ്ഥലത്തിന്‍റെയോ അടുത്ത് പോകില്ലെന്നും അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വർഷങ്ങളോളം ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനാൽ, ആല്‍വസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽ നിന്ന് തടയാൻ ഈ നടപടികൾ മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒരു കുറ്റകൃത്യം നടന്നിരിക്കാമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. എന്തുവിലകൊടുത്തും കേസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിവുള്ളയാളാണ് ആല്‍വസ്. സ്വന്തം രാജ്യത്തെത്തിയാല്‍ ആൽവസിനെ തിരികെ എത്തിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. സ്‌പെയിനില്‍ ബലാത്സംഗ കേസിൽ പരമാവധി 15 വർഷം വരെ ശിക്ഷ ലഭിക്കും.
അതേസമയം മറ്റ് രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന സ്വന്തം പൗരന്മാരെ കൈമാറാത്ത രീതിയാണ് ബ്രസീലിനുള്ളത്. ബ്രസീന്‍റെ മുന്‍ താരമായിരുന്ന റോബീഞ്ഞോയ്ക്ക് ഇറ്റാലിയൻ കോടതി ഒരു യുവതിയെ ബലാത്സംഗം ചെയ്‌തതിന് ഒമ്പത് വർഷത്തെ തടവ് വിധിച്ചിരുന്നുവെങ്കിലും സ്വന്തം രാജ്യത്ത് താരം സ്വതന്ത്രനായി തുടരുകയാണ്.
ALSO READ:Watch: ഫുട്‌ബോള്‍ മൈതാനത്ത് കളിപ്പാട്ടങ്ങളുടെ പെയ്‌ത്ത്; ഭൂകമ്പ ബാധിതരായ കുട്ടികള്‍ക്ക് സ്‌നേഹവുമായി ബെസിക്‌റ്റാസ് ആരാധകര്‍