മാഡ്രിഡ്:ശരിക്കുമൊരു പോരാളി, തോറ്റുവെന്ന് ലോകം വിധിയെഴുതുമ്പോഴും ജയിച്ചു കയറാനുള്ള കനല്‍ ഉള്ളില്‍ സൂക്ഷിക്കുന്നവൻ. ആ കനല്‍ ആളിപ്പടർന്ന് വിജയ കിരീടം ചൂടുമ്പോൾ ലോകം അവനെ റാഫ എന്ന് വിളിക്കും.
2005 ല്‍ മരിയാനോ പ്യൂർട്ടയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുമ്പോൾ റാഫേല്‍ നദാലിന് 19-ാം വയസാണ്. അന്നത്തെ കൗമാരക്കാരന്‍റെ അതേ ആവേശം ഇന്നും നദാലിന്‍റെ മുഖത്തും ശരീരഭാഷയിലുമുണ്ട്.
16 വര്‍ഷത്തിനു ശേഷം 21 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോഡ് സ്വന്തം പേരില്‍ എഴുതി ചേർക്കുമ്പോൾ പിന്നിലായിപ്പോയത് സാക്ഷാല്‍ റോജർ ഫെഡററും നൊവാക് ജോക്കോവിച്ചുമാണ്. 39-ാം വയസു വരെ ക്രിക്കറ്റ് മൈതാനങ്ങളെ വികാരഭരിതമാക്കിയ സച്ചിനും 37-ാം വയസിലും അസാമാന്യ ഫിറ്റ്നസും കഴിവും കൊണ്ട് ഫുട്ബോൾ ലോകത്തെ തീപിടിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നും കളിക്കളത്തിലെ പോരാളികളായിരുന്നു. പക്ഷേ അവരെല്ലാം ഒരു ടീമിന്‍റെ ഭാഗമായിരുന്നു.
അവിടെയാണ് ആറു മാസം മുൻപ് വരെ പരിക്കിന്‍റെ പിടിയിലായിരുന്ന, ഒരു മാസം മുൻപ് കൊവിഡ് പിടികൂടിയ റാഫേല്‍ നദാലിന്‍റെ തിരിച്ചുവരവ്. ടെന്നിസില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് ഒരു മാധ്യമത്തോട് പറഞ്ഞതിന് ശേഷമാണ് മെല്‍ബൺ പാർക്കില്‍ കിരീടത്തിളക്കവുമായി സ്‌പാനിഷ് താരം റാഫ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്നത്.
ചെറുപ്പത്തില്‍ ഫുട്‌ബോൾ താരമാകാൻ കൊതിച്ച റാഫയ്ക്ക് എട്ടാം വയസ് മുതല്‍ റാക്കറ്റിനോട് തോന്നി തുടങ്ങിയ സ്നേഹമാണ് കളിമൺ കോർട്ടിലെ രാജകുമാരനില്‍ നിന്ന് ടെന്നിസിലെ രാജാവിലേക്കുള്ള വളർച്ച.
തന്നെക്കാൾ 11 വയസ് കുറവുള്ള, അതായത് 25 വയസ് മാത്രമുള്ള യുവത്വം പ്രസരിക്കുന്ന എതിരാളിയെ ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ നേരിടാനിറങ്ങുമ്പോൾ റാഫ സ്വപ്‌നം കണ്ടത് ഫെഡറർക്കും ജോക്കോവിച്ചിനും മുകളില്‍ കൂടുതല്‍ ഗ്ലാന്‍റ്സ്ലാം കിരീടങ്ങൾ എന്ന സ്വപ്‌ന നേട്ടമാണ്. പക്ഷേ മെല്‍ബണില്‍ ആദ്യ രണ്ട് സെറ്റുകൾ സ്വന്തമാക്കിയ റഷ്യക്കാരൻ ഡാനിയേൽ മെദ്‌വദ് കിരീടം ഉറപ്പിച്ചു.