ലണ്ടന്‍ : ലേവര്‍ കപ്പില്‍ നിന്നും സ്‌പാനിഷ് താരം റാഫേൽ നദാൽ പിന്മാറി. ടൂര്‍ണമെന്‍റിന്‍റെ ഡബിൾസ് ഇനത്തിൽ റോജർ ഫെഡറര്‍ക്കൊപ്പം കളിച്ചതിന് ശേഷമാണ് നദാലിന്‍റെ പിന്മാറ്റം. ടീം യൂറോപ്പിനായി കളത്തിലിറങ്ങിയ ഫെഡററും നദാലും അമേരിക്കന്‍ താരങ്ങളായ ജാക്ക് സ്റ്റോക്ക്-ഫ്രാൻസിസ് തിയാഫോ സഖ്യത്തോട് തോറ്റിരുന്നു.
നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ഫെഡററുടെ കരിയറിലെ അവസാന പ്രൊഫഷണല്‍ മത്സരമായിരുന്നു ഇത്. കളിക്കളത്തില്‍ ശക്തമായ എതിരാളി ആയിരുന്നുവെങ്കിലും തന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ നദാലിനൊപ്പം ഇറങ്ങാന്‍ ഫെഡറര്‍ തീരുമാനിക്കുകയായിരുന്നു.
കായിക ചരിത്രത്തിലെ അത്ഭുതകരമായ നിമിഷത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് മത്സര ശേഷം നദാല്‍ പ്രതികരിച്ചു. ഒന്നിച്ച് പങ്കിട്ട ഓര്‍മ്മകള്‍ മറക്കാനാവാത്തവയാണ്.
റോജര്‍ കളം വിടുമ്പോള്‍ തന്‍റെ ജീവിതത്തിലെ ഒരു ഭാഗം കൂടിയാണ് കൂടെ പോകുന്നത്. പ്രധാന നിമിഷങ്ങളിലെല്ലാം ഒപ്പവും മുന്‍പുമായി ഫെഡറര്‍ ഉണ്ടായിരുന്നു. തന്‍റെ വികാരങ്ങള്‍ വാക്കിനാല്‍ മാത്രം വിവരിക്കാന്‍ കഴിയുന്നതല്ലെന്നും നദാല്‍ പറഞ്ഞു.
നദാലിന് പകരം ബ്രിട്ടീഷ് താരം കാമറൂൺ നോറിയാണ് ടീം യൂറോപ്പിന്‍റെ ഭാഗമാവുക. അടുത്ത ദിവസത്തെ സിംഗിൾസ് മത്സരത്തിൽ ടീം വേൾഡിന്‍റെ ടെയ്‌ലർ ഫ്രിറ്റ്‌സുമായി നോറി കളിക്കും. റോജർ ഫെഡറർക്ക് പകരം മാറ്റിയോ ബെറെറ്റിനി കളിക്കാനിറങ്ങും. നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ എന്നിവരാണ് ടീം യൂറോപ്പിലെ മറ്റ് താരങ്ങള്‍.