മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് ഇതിഹാസ താരം റാഫേൽ നദാൽ (Rafael Nadal). പേശിയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് 37-കാരനായ സ്‌പാനിഷ് താരത്തിന്‍റെ പിന്മാറ്റം. ജനുവരി ആദ്യവാരത്തില്‍ നടന്ന ബ്രിസ്ബേൻ ഇന്റർനാഷണൽ (Brisbane International) ടെന്നിസ് ടൂർണമെന്‍റിനിടെ നദാലിന് ചെറിയ പരിക്കേറ്റിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണിനായി മെല്‍ബണില്‍ എത്തിയപ്പോള്‍ നടത്തിയ എംആര്‍ഐ സ്‌കാനില്‍ പേശിയ്‌ക്ക് വിള്ളലേറ്റതായി കണ്ടെത്തിയതായി നദാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു. ഇതിന്‍റെ ചികിത്സയ്‌ക്കായി നാട്ടിലേക്ക് തിരികെ മടങ്ങികയാണെന്നും താരം തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. (Rafael Nadal pulls out of Australian Open due to injury).
"എല്ലാവർക്കും ഹായ്, ബ്രിസ്‌ബേനിലെ എന്‍റെ അവസാന മത്സരത്തിനിടെ പേശികളിൽ ഒരു ചെറിയ പ്രശ്‌നമുണ്ടായി, നിങ്ങള്‍ക്കെല്ലാം അറിയുന്നതുപോലെ അതെന്ന ആശങ്കാകുലനാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനായി ഞാന്‍ മെൽബണിൽ എത്തി. ഇവിടെ നടത്തിയ എംആര്‍ഐ സ്‌കാനില്‍ ഒരു പേശിയിൽ ചെറിയ പരിക്ക് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പരിക്കേറ്റ ഭാഗത്തല്ല ഇപ്പോളത്തെ പരിക്ക് എന്നത് നല്ല വാർത്തയാണ്. അഞ്ച് സെറ്റുവരെ നീണ്ടുനില്‍ക്കാവുന്ന ഇത്രയേറെ വലിയ മത്സരങ്ങള്‍ കളിക്കാന്‍ ഞാനിപ്പോള്‍ തയ്യാറല്ല. എന്റെ ഡോക്‌ടറെ കാണാനും ചികിത്സ നേടാനും വിശ്രമിക്കാനും ഞാൻ സ്പെയിനിലേക്ക് മടങ്ങുകയാണ്" നദാല്‍ കുറിച്ചു.
ജനുവരി 14 മുതൽ 28 വരെയാണ് ഓസ്‌ട്രേലിന്‍ ഓപ്പണര്‍ നടക്കുന്നത്. അതേസമയം കഴിഞ്ഞ തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് 11 മാസത്തോളം പുറത്തിരുന്നതിന് ശേഷമായിരുന്നു നദാല്‍ ബ്രിസ്ബേൻ ഇന്‍റർനാഷണലിന് ഇറങ്ങിയത്. എന്നാല്‍ 22 തവണ ഗ്രാൻസ്ലാം ചാമ്പ്യനായ സ്പാനിഷ് താരത്തിന്‍റെ കരിയറിനെ വീണ്ടും ഒരിക്കല്‍കൂടി പരിക്ക് പിടികൂടിയിരിക്കുകയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടിനിടെയാണ് റാഫേൽ നദാലിന് പരിക്ക് പറ്റുന്നത്.
ഇടുപ്പിലെ പേശിക്കായിരുന്നു പരിക്കേറ്റത്. ഇതിന് കഴിഞ്ഞ ജൂണില്‍ ശസ്‌ത്രക്രിയയ്‌ക്കും താരം വിധേയനായിരുന്നു. ബ്രിസ്‌ബേന്‍ ഇന്‍റര്‍നാഷണില്‍ ക്വാർട്ടര്‍ ഫൈനലില്‍ നദാല്‍ തോല്‍വി വഴങ്ങിയിരുന്നു. പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിനായി നദാല്‍ മെല്‍ബണിലേക്ക് എത്തിയിരുന്നത്. അതേസമയം 2024 അവസാനത്തോടെ വിരമിക്കുന്നതായുള്ള സൂചന നേരത്തെ താരം തന്നെ നല്‍കിയിട്ടുണ്ട്.
ബ്രിസ്‌ബേന്‍ ഇന്‍റര്‍നാഷണിലിന് ഇറങ്ങും മുമ്പാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്. "ടെന്നിസ് കോര്‍ട്ടില്‍ ഇതെന്‍റെ അവസാന വര്‍ഷമായിരിക്കാന്‍ നിരവധി സാധ്യതകളുണ്ടെന്നത് യാഥാര്‍ഥ്യമായ കാര്യമാണ്. ഈ ഒരു വര്‍ഷം പൂര്‍ണമായി കളിക്കാന്‍ സാധിക്കുമോ അല്ലെങ്കില്‍ വര്‍ഷത്തിന്‍റെ പകുതി മാത്രമാണോ കളിക്കുക എന്നതിനെക്കുറിച്ചൊന്നും എനിക്ക് പറയാന്‍ സാധിച്ചേക്കില്ല.
എന്തു തന്നെ ആയാലും കളിക്കളത്തിലേക്ക് ഞാന്‍ തിരിച്ചുവരുന്നുണ്ട് എന്നത് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനാവുക. അവസാന വര്‍ഷമാണെന്നും, ഞാന്‍ ആ രീതിയില്‍ മത്സരങ്ങളെ ആസ്വദിക്കാന്‍ പോകുന്നുവെന്നും പറയാന്‍ ഇവിടെ നിരവധി അവസരങ്ങളാണുള്ളത്' നദാല്‍ പറഞ്ഞു. എന്നാല്‍ ഇതൊരിക്കലും തന്‍റെ വിരമിക്കല്‍ പ്രഖ്യാപനമല്ലെന്നും താരം പറഞ്ഞിരുന്നു.
ALSO READ:'പ്രിയപ്പെട്ട ചെകുത്താന്‍'; വാര്‍ണറും തന്‍റെ ഉമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഖവാജ