പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിൽ പ്രവേശിച്ച് റാഫേല്‍ നദാല്‍. വാശിയേറിയ മത്സരത്തിന്‍റെ രണ്ടാം സെറ്റിൽ എതിരാളി അലക്‌സാണ്ടര്‍ സ്വെരേവ് പരിക്കേറ്റ് പുറത്ത് പോയതോടെയാണ് നദാൽ വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ 10-8ന് നദാൽ സ്വന്തമാക്കിയിരുന്നു. സ്‌കോർ: 7-6, 6-6
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ വാശിയേറിയ പോരാട്ടമാണ് ഇരു താരങ്ങളും കാഴ്‌ചവച്ചത്. ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയ മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടിരുന്നു. ടൈ ബ്രേക്കറിൽ 2-6 പിന്നിൽ നിന്ന ശേഷമാണ് 10-8ന് അവിശ്വസനീയമായ കുതിപ്പ് നടത്തി നദാൽ മുന്നേറിയത്.
ആദ്യ സെറ്റിന്‍റെ തുടർച്ചയെന്നോണമാണ് ഇരുവരും രണ്ടാം സെറ്റിലും പോരാടിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും രണ്ടാം സെറ്റിലും കാഴ്‌ച വെച്ചത്. സെറ്റ് 5-5 എന്ന നിലയിൽ നിന്ന് ടൈ ബ്രേക്കറിലേക്ക് കടക്കുന്നതിനിടെയാണ് സ്വെരേവിന് ഗുരുതരമായി പരിക്കേറ്റത്. ഇതോടെ താരം പിൻമാറുന്നതായി അറിയിക്കുകയായിരുന്നു.
കണങ്കാലിൽ പരിക്കേറ്റ അലക്‌സാണ്ടര്‍ സ്വെരേവ് വീൽചെയറിലാണ് മൈതാനത്തിന് പുറത്തേക്ക് പോയത്. കുറച്ചു സമയത്തിനുശേഷം ക്രച്ചസിന്‍റെ സഹായത്തോടെ കോർട്ടിലെത്തിയ താരം കാണികളെയും നദാലിനേയും അഭിവാദ്യം ചെയ്തു മടങ്ങുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചിനെ തകര്‍ത്ത് സെമിയിലേക്ക് മുന്നേറിയ നദാലിന് തന്‍റെ 36-ാം പിറന്നാൾ ദിനത്തിലെ ഈ വിജയം ഇരട്ടി മധുരമാണ് സമ്മാനിച്ചത്. 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഇതിഹാസ താരത്തിന്‍റെ ലക്ഷ്യം. 2021-ല്‍ പരിക്കിന്‍റെ പിടിയിലായിരുന്ന നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.
ലോക റാങ്കിംഗില്‍ എട്ടാമതുള്ള കാസ്‌പര്‍ റൂഡും, 23-ാമതുള്ള മരിന്‍ സിലിക്കും തമ്മിലുള്ള മത്സരത്തിലെ വിജയി നദാലിനൊപ്പം ഫൈനലിൽ ഏറ്റുമുട്ടും. അവസാന രണ്ട് മത്സരങ്ങളില്‍ മെദ്‌വദേവിനെ ഉള്‍പ്പടെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യന്‍ താരത്തിന്‍റെ സെമി പ്രവേശനം. കഴിഞ്ഞ രണ്ട് സീസണുകളില്‍ കളിമൺ കോര്‍ട്ടില്‍ കൂടുതല്‍ വിജയങ്ങള്‍ സ്വന്തമായുള്ള താരമാണ് സെമിയില്‍ സിലിക്കിന്‍റെ എതിരാളി കാസ്‌പര്‍ റൂഡ്.