അക്കപുൾക്കോ:മെക്‌സിക്കൻ ഓപ്പണിൽ നാലാമതും കിരീടം ചൂടി റാഫേൽ നദാൽ. ആറാം സീഡ് ആയ ബ്രിട്ടീഷ് 1-ാം നമ്പർ കാമറൂൺ നോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ മറികടന്നത്. രണ്ടു തവണ ബ്രേക്ക് വഴങ്ങേണ്ടി വന്നെങ്കിലും 4 തവണ എതിരാളിയെ ബ്രേക്ക് ചെയ്‌ത നദാൽ 6-4, 6-4 എന്ന സ്കോറിന് മത്സരം സ്വന്തമാക്കി. 2022 ൽ താരത്തിന്‍റെ തുടർച്ചയായ മൂന്നാം കിരീടമാണിത്.
അഞ്ചാം ഗെയിമിൽ എതിരാളിയെ ബ്രേക്ക് ചെയ്‌ത നദാൽ 3-2 ന് ലീഡ് നേടി. 51 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്‍റെ ആദ്യ ഗെയിമിൽ നദാലിന് ബ്രേക്ക് ലഭിച്ചെങ്കിലും നോറി മത്സരത്തിലേക്ക് തിരികെയെത്തി. എന്നാൽ അഞ്ചാമത്തെയും ഏഴാമത്തെയും ഗെയിമുകളിൽ എതിരാളിയെ ബ്രേക്ക് ചെയ്‌ത നദാൽ കിരീടം സ്വന്തമാക്കി.
പരിക്കിൽ നിന്നും മോചിതനായി തിരിച്ചു വന്ന ശേഷം അപരാജിത കുതിപ്പ് തുടരുകയാണ് റാഫേൽ നദാൽ. മെക്‌സിക്കൻ ഓപ്പൺ ഫൈനലിൽ ജയം നേടിയ നദാലിന്‍റെ തുടർച്ചയായ പതിനഞ്ചാം ജയത്തോടെ കരിയറിൽ 91 എ.ടി.പി കിരീടമെന്ന നേട്ടത്തിലെത്തി. 94 കിരീടവുമായി ഇവാൻ ലെൻഡൽ, റോജർ ഫെഡറർ (103), ജിമ്മി കോണേഴ്‌സ് (109) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
മെക്‌സിക്കൻ ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയ നദാൽ 35-ാം വയസിൽ ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കി. ടൂർണമെന്‍റിൽ ഒരു സെറ്റ് പോലും കൈവിടാതെയാണ് നദാൽ കിരീടം ചൂടിയത്. കരിയറിൽ ഇത് 30 മത്തെ കിരീടം ആണ് നദാൽ ഒരു സെറ്റ് പോലും കൈവിടാതെ നേടുന്നത്.
ALSO READ:TENNIS | മെദ്‌വദേവിനെ തകർത്ത് നദാൽ മെക്‌സിക്കൻ ഓപ്പൺ ഫൈനലിൽ