പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം റാഫേൽ നദാലിന്. ഫൈനലില്‍ നോര്‍വീജിയന്‍ താരം കാസ്‌പര്‍ റൂഡിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് നദാലിന്‍റെ വിജയം.
സ്‌കോര്‍: 6-3, 6-3, 6-0. നദാലിന്‍റെ കരിയറിലെ 22ാം ഗ്രാൻഡ്സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണിൽ 14ാം ട്രോഫിയുമാണിത്. വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമാവാനും 36 കാരനായ സ്‌പാനിഷ് താരത്തിനായി.
ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തില്‍ റോജർ ഫെഡററേയും നൊവാക് ജോക്കോവിച്ചിനേയും രണ്ടടി പിന്നിലാക്കാനും ലോക അഞ്ചാം നമ്പര്‍ താരമായ നദാലിന് കഴിഞ്ഞു. 20 വിജയങ്ങൾ വീതമാണ് ഫെഡററിനും ജോക്കോവിച്ചിനുമുള്ളത്.
ടൂര്‍ണമെന്‍റിന്‍റെ ക്വാർട്ടറിൽ ലോക ഒന്നാംനമ്പർ താരം ജോക്കോവിച്ചിനെ വീഴ്‌ത്തിയ നദാലിനെതിരെ സെമിഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിൻമാറുകയായിരുന്നു.
അതേസമയം രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെയാണ് റൂഡ് തോല്‍പ്പിച്ചത്. ഇതോടെ ഒരു ഗ്രാൻസ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ നോര്‍വേക്കാരനാകാനും 23കാരനായ റൂഡിന് കഴിഞ്ഞു.