മാഡ്രിഡ്:ഏറെ നാള്‍ പരിക്കിന്‍റെ പിടിയിലായിരുന്നതിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണ് സ്‌പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ (Rafael Nadal). ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലമാണ് താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ (Australian Open 2024) ആയിരിക്കും 22 ഗ്രാന്‍ഡ്‌സ്ലാം സ്വന്തമാക്കിയിട്ടുള്ള 37കാരനായ നദാല്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.
അതേസമയം, ഈ സീസണോടെ നദാല്‍ വിരമിക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2024 അവസാനത്തോടെ വിരമിക്കാന്‍ ആലോചിക്കുന്നതായി നേരത്തെ താരം തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റാഫേല്‍ നദാല്‍.
2024 തന്‍റെ അവസാന സീസണ്‍ ആയിരിക്കാന്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നാണ് നദാല്‍ പറയുന്നത്. അതുകൊണ്ട് തന്നെ നല്ലതുപോലെ ആസ്വദിച്ച് കളിക്കാനായിരിക്കും ഈ സീസണില്‍ ശ്രമിക്കുന്നതെന്ന് നദാല്‍ പറഞ്ഞു. അതേസമയം, ഇതെല്ലാം സാധ്യതകള്‍ മാത്രമാണെന്നും ഭാവിയെ കുറിച്ച് ഒന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
'ടെന്നിസ് കോര്‍ട്ടില്‍ ഇത് എന്‍റെ അവസാന വര്‍ഷമായിരിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്നത് വളരെ യാഥാര്‍ഥ്യമായ കാര്യമാണ്. ഒരു വര്‍ഷം മുഴുവനും കളിക്കാന്‍ സാധിക്കുമോ അല്ലെങ്കില്‍ വര്‍ഷത്തിന്‍റെ പകുതി സമയം മാത്രമെ കളിക്കാന്‍ സാധിക്കുകയുള്ളോ എന്നതിനെ കുറിച്ചൊന്നും എനിക്ക് പറയാന്‍ സാധിച്ചേക്കില്ല. എന്തായാലും കളിക്കളത്തിലേക്ക് ഞാന്‍ തിരിച്ചുവരുന്നുണ്ട് എന്നത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്ന കാര്യം. അവസാന വര്‍ഷമാണെന്നും ആ രീതിയില്‍ ഞാന്‍ മത്സരങ്ങളെ ആസ്വദിക്കാന്‍ പോകുന്നുവെന്നും പറയാന്‍ ഇവിടെ നിരവധി അവസരങ്ങളാണുള്ളത്' നദാല്‍ പറഞ്ഞു. അതേസമയം, ഇത് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനമായി അറിയിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.
'ഇതൊരിക്കലുമൊരു വിരമിക്കല്‍ പ്രഖ്യാപനമായി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, ഇനിയെന്തൊക്കെ സംഭവിക്കുമെന്നത് എനിക്ക് പറയാന്‍ സാധിക്കുന്ന കാര്യമല്ല. തിരിച്ചുവരവിനായി ഞാന്‍ അത്രത്തോളം കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്. ഇനിയും ഒരുപാട് കാലം ഞാന്‍ ഇതുവരെ ചെയ്‌ത കാര്യങ്ങള്‍ തുടരാന്‍ എന്‍റെ ശരീരഘടന അനുവദിക്കുകയാണെങ്കില്‍ പിന്നെന്തിന് ഞാന്‍ കരിയറിന് ഒരു സമയപരിധി നിശ്ചയിക്കണം' റാഫേല്‍ നദാല്‍ അഭിപ്രായപ്പെട്ടു.
Also Read :ലേവര്‍ കപ്പ് : ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഒപ്പം കളിച്ചു ; പിന്നാലെ പിന്മാറി റാഫേൽ നദാൽ