മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിൽ ബ്രിട്ടന്‍റെ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആൻഡി മുറെ ഞെട്ടിക്കുന്ന തോൽവിയോടെ പുറത്ത്. പുരുഷ സിംഗിൾസിൽ മൂന്ന് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മുറെയെ ജപ്പാന്‍റെ ടാറോ ഡാനിയേലാണ് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്കോർ 4-6, 4-6, 4-6.
ദീർഘനാളുകളായി ടെന്നിസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മുറെ ഓസ്ട്രേലിയൻ ഓപ്പണിലൂടെ മികച്ചൊരു തിരിച്ചുവരവ് സ്വപ്‌നം കണ്ടിരുന്നു. എന്നാൽ ലോക റാങ്കിങ്ങിൽ 120-ാം സ്ഥാനത്തുള്ള ടാറോയോട് ദയനീയമായി തോൽക്കാനായിരുന്നു വിധി. ടാറോ ആദ്യമായാണ് ഗ്രാന്‍റ് സ്ലാമിന്‍റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശനം നേടുന്നത്.
അതേസമയം വനിത സിംഗിള്‍സില്‍ നിലവിലെ യു.എസ് ഓപ്പണ്‍ ചാമ്പ്യനായ കൗമാരതാരം എമ്മ റാഡുകാനു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മോണ്ടെനെഗ്രോയുടെ ലോക 98-ാം നമ്പര്‍ താരമായ ഡാന്‍ക കോവിന്‍സിച്ചാണ് 17-ാം നമ്പര്‍ താരമായ റാഡുകാനുവിനെ അട്ടിമറിച്ചത്.