ന്യൂഡല്‍ഹി : ചെസ് ലോകത്ത് അത്ഭുത പ്രകടനങ്ങള്‍ തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാൻഡ്‌മാസ്റ്റർ ആർ പ്രജ്ഞാനന്ദ. ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റില്‍ നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരെ ആർ പ്രജ്ഞാനന്ദയ്‌ക്ക് മിന്നും വിജയം. നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ നാലാം റൗണ്ടിലാണ് ഡിങ് ലിറനെ 18-കാരനായ പ്രജ്ഞാനന്ദ വീഴ്‌ത്തിയത് (R Praggnanandhaa beat Ding Liren).
ചൈനീസ് താരത്തിനെതിരെ കറുത്ത കരുക്കളുമായി ആയിരുന്നു പ്രജ്ഞാനന്ദ കളിച്ചത്. പരിചയ സമ്പന്നനായ ഡിങ് ലിറനെതിരെ മത്സരത്തിന്‍റെ തുടക്കം മുതല്‍ നേടിയെടുത്ത ആധിപത്യം ഒടുക്കം വരെ നിലനിര്‍ത്താന്‍ ആർ പ്രജ്ഞാനന്ദയ്‌ക്കായി. ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റില്‍ താരത്തിന്‍റെ ആദ്യ വിജയമാണിത്.
കഴിഞ്ഞ മൂന്ന് റൗണ്ടുകളിലും സമനില ആയിരുന്നു പ്രജ്ഞാനന്ദയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. 2024-ലെ ആദ്യത്തെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്‍റാണിത്. അതേസമയം ഡിങ് ലിറനെ കീഴടക്കിയതോടെ വിശ്വനാഥന്‍ ആനന്ദിന് ശേഷം ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യാക്കാരനാവാനും പ്രജ്ഞാനന്ദയ്‌ക്കായി.
വിജയത്തോടെ ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും പ്രജ്ഞാനന്ദ എത്തി (R Praggnanandhaa Ranking). വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെയാണ് പ്രഗ്ഗു മറികടന്നത്. നിലവില്‍ 2748.3 ഫിഡെ ചെസ് റേറ്റിങ്ങാണ് പ്രജ്ഞാനന്ദയ്ക്കുള്ളത്.