ദോഹ: ഖത്തറില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ബ്രസീലിനെതിരായ വിജയം കാമറൂണിനെ എന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്. ഗോള്‍ രഹിത സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ നായകന്‍ വിന്‍സന്‍റ് അബൂബക്കറിന്‍റെ ഗോളിലാണ് കാമറൂണ്‍ കാനറികളെ വീഴ്‌ത്തിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ ചുവപ്പുകാര്‍ഡ് കിട്ടിയെങ്കിലും ആരാധകരുടെ മനം കവര്‍ന്നാണ് വിന്‍സന്‍റ് അബൂബക്കര്‍ തിരിച്ച് നടന്നത്.
ഒരു പക്ഷെ മാര്‍ച്ചിങ് ഓര്‍ഡറിനെ ഇത്രയേറെ ചിരിയോടെയും സന്തോഷത്തോടെയും വരവേറ്റ മറ്റൊരു താരം ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടാവില്ലെന്ന് തീര്‍ച്ച. ചുവപ്പ് കാര്‍ഡുയര്‍ത്തുമ്പോള്‍ റഫറിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ മറ്റൊരു താരമുണ്ടോയെന്നതും സംശയം തന്നെ. മത്സരത്തിന്‍റെ 92-ാം മിനിട്ടില്‍ തലപ്പാകത്തിനെത്തിയ എംബെക്കലിയുടെ ക്രോസാണ് കാമറൂണ്‍ ക്യാപ്റ്റന്‍ കാനറികളുടെ വലയില്‍ കയറ്റിയത്.
തുടര്‍ന്ന് ജഴ്‌സി ഊരിയുള്ള താരത്തിന്‍റെ ഗോള്‍ ആഘോഷമാണ് മാര്‍ച്ചിങ് ഓര്‍ഡറിന് കാരണമായത്. കളിക്കിടെ നേരത്തെ ഒരു മഞ്ഞ കാര്‍ഡ് കണ്ട അബൂബക്കറിന് ജഴ്‌സിയുള്ള ആഘോഷത്തിന് റഫറി വീണ്ടും മഞ്ഞക്കാര്‍ഡ് നല്‍കുകയായിരുന്നു. ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും മുമ്പ് മുമ്പ് റഫറി ഇസ്‌മയില്‍ ഇല്‍ഫാത്ത് താരത്തെ അഭിനന്ദിച്ച രംഗം ഫുട്‌ബോളിലെ മനോഹരക്കാഴ്‌ചകളില്‍ ഒന്നായി മാറുകയും ചെയ്‌തു.