ദോഹ:ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ഇംഗ്ലണ്ടും ജർമനിയുമടക്കമുള്ള ഏഴ് യൂറോപ്യൻ ടീമുകള്‍. ഫിഫയുടെ അച്ചടക്ക നടപടി ഭീഷണിയെത്തുടർന്നാണ് പിന്മാറ്റം. സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ടിനെയും ജർമനിയേയും കൂടാതെ വെയ്ല്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ടീമുകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്. കായിക ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഫിഫയുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് അറിയിച്ച് ഏഴ് ടീമുകളും സംയുക്ത പ്രസ്‌താവനയിറക്കിയിട്ടുണ്ട്. ഫിഫയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും ടീമുകള്‍ അറിയിച്ചു.