ദോഹ:ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ വരവ് ഗംഭീരമാക്കി ഇംഗ്ലീഷ് പട. ഇറാനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ തകര്‍പ്പന്‍ ആറ് ഗോളുകളോടെയാണ് ഇംഗ്ലണ്ട് വരവറിയിച്ചത്. പരിശീലകന്‍ ഗരെത് സൗത്ത് ഗേറ്റിന്‍റെ മൂര്‍ച്ചയുള്ള തന്ത്രങ്ങള്‍ക്ക് മുന്നില്‍ കളിമറന്ന് നിന്ന ഇറാനെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ടിന് തന്നെയായിരുന്നു സമ്പൂര്‍ണ ആധിപത്യം. ആദ്യ വിസില്‍ മുതല്‍ അക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ടിന് മുന്നില്‍ ഇറാന്‍ പരുങ്ങി. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റില്‍ തന്നെ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വന്‍ഡിന് പരിക്കേറ്റത് ഇറാന് ഇരട്ടി പ്രഹരമായി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മടങ്ങിയെത്തിയ ബെയ്‌റാന്‍വന്‍ഡ് ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ മാറ്റി പകരം ഹൊസെയ്ന്‍ ഹൊസൈനി എത്തുകയായിരുന്നു.
മത്സരത്തിന്‍റെ 35-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാമിലൂടെയാണ് ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തിയത്. ലൂക്ക് ഷോയുടെ ക്രോസിന് കൃത്യമായി തലവച്ച ബെല്ലിങ്ങാം മികച്ച ഹെഡറിലൂടെയായിരുന്നു വല ചലിപ്പിച്ചത്. തുടര്‍ന്ന് 43-ാം മിനിറ്റില്‍ ബുകയോ സാക്കയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി. കോര്‍ണര്‍ കിക്കില്‍ നിന്നെത്തിയ പന്ത് ഹാരി മഗ്വയര്‍ സാകയ്‌ക്ക് മറിച്ചുനല്‍കുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റഹിം സ്റ്റെര്‍ലിങ് കൂടി ലക്ഷ്യം കണ്ടതോടെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ആദ്യപകുതിക്ക് പിരിഞ്ഞത്. അതേസമയം ആദ്യപകുതിക്ക് 15 മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്.