ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും പോരടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വര്‍ത്തമാനകാല ഫുട്‌ബോളിലെ മികച്ച താരങ്ങളായ കിലിയന്‍ എംബാപ്പെയും ലയണൽ മെസിയും തമ്മിലുള്ള ഏറ്റുമുട്ടലായാണ് ഈ മത്സരം കണക്കാക്കപ്പെടുന്നത്. ഖത്തറിലെ ടോപ് സ്‌കോററാവാന്‍ ഇരുവരും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
എന്നാല്‍ കളത്തിന് പുറത്തുള്ള എംബാപ്പെയുടെ കളിക്ക് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകാണ് അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനെസ്. ലാറ്റിനമേരിക്കന്‍ ടീമുകളേക്കാള്‍ മികച്ചതാണ് യൂറോപ്യന്‍ ടീമുകളെന്ന എംബാപ്പെയുടെ പ്രസ്‌താവനയ്‌ക്കാണ് മാർട്ടിനെസ് മറുപടി നല്‍കിയിരിക്കുന്നത്.
ഫുട്‌ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാലാണ് ഫ്രഞ്ച് താരത്തിന്‍റെ പ്രതികരണമെന്ന് മാര്‍ട്ടിനസ് പറഞ്ഞു. "അയാൾക്ക് ഫുട്ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. എംബാപ്പെ ലാറ്റിനമേരിക്കയില്‍ കളിച്ചിട്ടുമില്ല.
നിങ്ങൾക്ക് ഇക്കാര്യത്തില്‍ അനുഭവമൊന്നുമില്ലെങ്കിൽ, അതേക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പക്ഷെ അതൊന്നും കാര്യമില്ല. ഞങ്ങൾ ഒരു മികച്ച ടീമാണ്. അത്തരത്തില്‍ തന്നെയാണ് അംഗീകരിക്കപ്പെട്ടത്", മാർട്ടിനെസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഇന്ന് രാത്രി 8.30നാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുക. ലോകകപ്പിലെ മൂന്നാം കിരീടമാണ് ഖത്തറില്‍ ഇരു ടീമുകളും ലക്ഷ്യം വയ്‌ക്കുന്നത്. സെമിയില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്.
2018ലെ റഷ്യന്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ സംഘത്തിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. മറുവശത്ത് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ കീഴടക്കിയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയുടെ വരവ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കിരീടമാണ് സംഘം ലക്ഷ്യം വയ്‌ക്കുന്നത്.
Also read:മാന്ത്രികതയൊളിപ്പിച്ച ആ ഇടംകാലിന്‍റെ 'ഒടിവിദ്യ'യിലാണ് ഒരു ജനതയുടെ പ്രതീക്ഷയത്രയും ; 'കിട്ടാക്കനി'യുടെ കണക്കുതീര്‍ക്കാന്‍ മെസി