കോപ്പൻഹേഗൻ: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ പ്രതിഷേധിക്കാന്‍ ഡെന്മാര്‍ക്ക് ഫുട്‌ബോള്‍ ടീം. ഖത്തറിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തിലുമാണ് ഡെന്മാര്‍ക്ക് പ്രതിഷേധിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജേഴ്‌സിയിലെ ടീം ലോഗോയും സ്പോണ്‍സര്‍മാരുടെ ലോഗോയും മങ്ങിയായിരിക്കും കാണപ്പെടുക.
ഇതിന് പുറമെ "വിലാപത്തിന്‍റെ നിറം" പ്രതിനിധീകരിക്കുന്നതിനായി മൂന്നാം ജേഴ്‌സി പൂര്‍ണ്ണമായും കറുത്ത നിറത്തിലാണ് സ്പോണ്‍സര്‍മാരായ ഹമ്മൽ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. ഡെന്മാര്‍ക്ക് ദേശീയ ടീമിനെ പിന്തുണയ്‌ക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകളെ മരണത്തിനു തള്ളി വിട്ട ഖത്തറിനെ പിന്തുണക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഹമ്മല്‍ ഔദ്യോഗിക പ്രസ്‌താനയിലൂടെ വ്യക്തമാക്കി.
1992ലെ യൂറോ കപ്പ് ജേഴ്‌സിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡെന്മാര്‍ക്കിന്‍റെ ലോകകപ്പ് കിറ്റ് ഒരുക്കിയിരിക്കുന്നത്. ആദ്യ ജേഴ്‌സി ചുവപ്പും രണ്ടാം ജേഴ്‌സി വെള്ളയും നിറത്തിലാണ്. ഖത്തര്‍ ലോകകപ്പിന്‍റെ സ്റ്റേഡിയം നിര്‍മാണം ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.