ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജസ്യൂസിന്‍റെ മികവില്‍ മിന്നുന്ന തുടക്കമാണ് മുന്‍ ചാമ്പ്യന്മാരായ ആഴ്‌സണലിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ രണ്ടിനെതിര നാലു ഗോളുകള്‍ക്ക് ലെസ്റ്റർ സിറ്റിയെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റുമാണ് ജസ്യൂസ് നേടിയത്.
ഖത്തര്‍ ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന ഫോമാണ് ഇത്. എന്നാല്‍ ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തില്‍ ഒമ്പതാം നമ്പര്‍ ജഴ്‌സിയിലിറങ്ങാന്‍ 25കാരനായ താരത്തിന് കടമ്പകളേറെ കടക്കേണ്ടതുണ്ട്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനായി കളത്തിലിറങ്ങിയെങ്കിലും ഗോളടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഖത്തറില്‍ ബ്രസീലിന്‍റെ സെന്‍റർ ഫോർവേഡായി ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
26 താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ ടിറ്റെയുടെ സംഘത്തിനൊപ്പം ജസ്യൂസിന് ഖത്തറിലേക്ക് പറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്‌സണലിലേക്കുള്ള ചേക്കേറ്റം താരത്തിന്‍റെ കരിയറിനെ പുനരുജ്ജീവിപ്പിച്ചതായാണ് തോന്നുന്നത്. വിംഗർ എന്നതിലുപരി ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി കളിക്കുന്നതിലേക്കുള്ള മാറ്റം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.