ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ അഴിഞ്ഞാട്ടം. നിരവധി കടകള്‍ തകര്‍പ്പെടുകയും വാഹനങ്ങള്‍ക്ക് തീവയ്‌ക്കും ചെയ്‌തിട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ആക്രമികള്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ആക്രമണം നിയന്ത്രിക്കുന്നതിനായി സ്ഥലത്ത് 100ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ബ്രസൽസ് പൊലീസ് വക്താവ് ഇൽസ് വാൻ ഡി കീർ പറഞ്ഞു.
അക്രമം വ്യാപിക്കാതിരിക്കാന്‍ മെട്രോ സ്‌റ്റേഷനുകള്‍ അടയ്‌ക്കുകയും റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ ജനങ്ങള്‍ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഞായറാഴ്‌ച എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കരുത്തരായ ബെല്‍ജിയത്തെ മൊറോക്കോ തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം ബെൽജിയന്‍ കരുത്തിനൊപ്പം ശക്‌തമായി പിടിച്ചുനിന്ന മൊറോക്കോയ്‌ക്കായി അബ്‌ദുല്‍ ഹമീദ് സാബിരി, സക്കരിയ അബോക്ലാലിൻ എന്നിവരാണ് ലക്ഷ്യം കണ്ടത്. കളിയുടെ രണ്ടാം പകുതിയിലാണ് മൊറോക്കോയുടെ പട്ടികയിലെ രണ്ട് ഗോളുകളും പിറന്നത്.
ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 22-ാം സ്ഥാനത്താണ് മൊറോക്കോ. തോല്‍വിയോടെ ബെല്‍ജിയത്തിന്‍റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയ്‌ക്ക് മങ്ങലേറ്റു. നിലവില്‍ ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി മൂന്നാമാതാണ് ബെല്‍ജിയം. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്‍റുവീതമുള്ള ക്രൊയേഷ്യ, മൊറോക്കോ ടീമുകളാണ് ബെല്‍ജിയത്തിന്‍റെ മുന്നിലുള്ളത്.
also read:അട്ടിമറികളുടെ ഖത്തർ ; ബെൽജിയം കരുത്തിനെ അടിച്ചിട്ട് മൊറോക്കോ, വിജയം എതിരില്ലാത്ത രണ്ട് ഗോളിന്