ഹീറൻവീൻ.. നിങ്ങൾ ഇങ്ങനെയൊരു ക്ലബിനെ കുറിച്ച് കേട്ടിട്ടുണ്ടോ... എന്നാല്‍ ഇതൊരു ഫുട്‌ബോൾ ക്ലബാണ്.. ഇതിവിടെ പറയാൻ കാരണം.. ഇന്നലെ (2022 ലോകകപ്പിലെ നെതർലൻഡ്‌സിന്‍റെ ആദ്യ മത്സരത്തില്‍) സെനഗലിന് എതിരെ തകർപ്പൻ പ്രകടനം നടത്തിയ ഒരു താരത്തെ കുറിച്ച് പറയാനാണ്. പേര് ആൻഡ്രീയസ് നോപ്പർട്ട്. ജോലി ഗോൾ കീപ്പർ...
ഇനിയാണ് കഥ.. ലോകകപ്പില്‍ ആദ്യം, സ്വന്തം രാജ്യത്തിന് വേണ്ടി ആദ്യം, ആരുമറിയാത്ത ക്ലബുകളില്‍ മാത്രം കളിച്ചവൻ.. ഇന്നുമുതല്‍ അയാൾ ഈ ലോകകപ്പിലെ ഓറഞ്ച് സ്വപ്‌നങ്ങളുടെ കാവല്‍ക്കാരനാണ്..
നെതർലൻഡ്‌സ് ഇന്നലെ (21.11.22) ആഫ്രിക്കൻ കരുത്തരായ സെനഗലിനെ നേരിടുമ്പോൾ എല്ലാം ആൻഡ്രിയാസ് നോപ്പർട്ടിന്‍റെ കരങ്ങളിലായിരുന്നു. സെനഗല്‍ ഇപ്പൊ ഗോളടിക്കും എന്ന് ഫുട്‌ബോൾ ആരാധകർ കരുതിയ നിമിഷങ്ങൾ.. സെനഗല്‍ താരങ്ങൾ വലയിലേക്ക് തൊടുത്ത ബുള്ളറ്റ് ഷോട്ടുകൾ. എല്ലാം ആൻഡ്രിയാസിന്‍റെ കരങ്ങളിലൊതുങ്ങി.
ഒടുവില്‍ കളിതീരാൻ ആറ് മിനിട്ട് ബാക്കി നിൽക്കെ കോഡി ഗാക്‌പോയും അധികസമയത്തിന്‍റെ അവസാന മിനിട്ടിൽ ഡാവി ക്ലാസനും ഗോൾ നേടുന്നതു വരെ മികച്ച മൂന്ന് സേവുകളുമായി നെതര്‍ലന്‍ഡ്‌സിനെ കാത്ത കാവൽക്കാരനായിരുന്നു ആൻഡ്രീയസ് നോപ്പർട്ട്..
ഒരിക്കല്‍ ഒന്നുമാകാതെ പോയവൻ:എന്നും പകരക്കാരുടെ ബെഞ്ചിൽ ഇരിക്കേണ്ടി വന്ന, ഒരിക്കൽ പോലും ദേശീയ ടീമിന്‍റെ അരികിൽ പോലും വരും എന്ന് പ്രതീക്ഷിക്കാത്ത, 2020ൽ ഫുട്‌ബോൾ നിർത്തി കുടുംബം പോറ്റാൻ പൊലീസുകാരൻ ആയ നോപ്പർട്ട് ഇന്ന് മുതല്‍ ഓറഞ്ച് പടയുടെ യഥാർഥ കാവല്‍ഭടനാണ്. 1994 ൽ ഹോളണ്ടിലെ ഹീറൻവീനിൽ ജനിച്ച നോപ്പർട്ട് കരിയർ ആരംഭിക്കുന്നത് ബാല്യകാല ടീമായ ഹീറൻവീൻ ക്ലബിന് വേണ്ടി തന്നെയാണ്.
2014 ൽ തന്‍റെ 20-ാം വയസ്സിൽ ക്ലബ് വിടുമ്പോൾ ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ അയാൾക്ക് സാധിച്ചിരുന്നില്ല. 2.03 മീറ്റർ ഉയരമുള്ള നോപ്പർട്ട് 2014 മുതൽ 2018 വരെ ബ്രഡ എന്ന ഡച്ച് ക്ലബിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് കരിയർ ചിലവഴിച്ചത്. നാലു കൊല്ലത്തിന് ഇടയിൽ അവർക്ക് ആയി വെറും ആറു ലീഗ് മത്സരങ്ങളിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്.
തുടർന്ന് കൂടുതൽ അവസരങ്ങൾ തേടിയ നോപ്പർട്ട് 2018 ൽ ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ആയ സീരി ബി ടീം ഫ്രോസിനോനയിൽ ചേർന്നു. എന്നാൽ ആ സീസണിന്‍റെ അവസാനം ക്ലബ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടപ്പോൾ താരം വീണ്ടും ഹോളണ്ടിലേക്ക് തന്നെ മടങ്ങി.
തുടർന്ന് നോപ്പർട്ട് ഡച്ച് രണ്ടാം ഡിവിഷൻ ക്ലബ് ആയ എഫ്.സി ഡോർഡ്രചിൽ ചേരുക ആയിരുന്നു. എന്നാൽ ഇടക്ക് വച്ചു അവർ പരിക്ക് കാരണം അവരും കൈവിട്ടു. ഈ സമയത്ത് ആണ് ഫുട്‌ബോൾ കരിയർ ഉപേക്ഷിച്ചു കൂടുതൽ സ്ഥിരതയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ ജോലി സ്വീകരിക്കാൻ ഭാര്യ അടക്കം പലരും താരത്തെ ഉപദേശിക്കുന്നത്.
2020 ജൂൺ മുതൽ 2021 ജൂലൈ വരെ ഒരു ക്ലബിലും അംഗമല്ലാതിരുന്ന നോപ്പർട്ടിനോട് കാല്‍പ്പന്ത് കളിക്കാരൻ എന്ന സ്വപ്നം ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടതിൽ ഒരു അതിശയവും ഇല്ല. എന്നാൽ തന്‍റെ സ്വപ്നം അവസാനിപ്പിക്കാൻ നോപ്പർട്ട് തയ്യാറായിരുന്നില്ല. തുടർന്ന് ഡച്ച് ആദ്യ ഡിവിഷനിൽ എത്തിയ ക്ലബ് ‘ഗോ അഹഡ് ഈഗിൾസിന്’ വേണ്ടിയാണ് താരം ഗ്ലൗസണിയുന്നത്.
പല മത്സരങ്ങളിലും നിർണായക പ്രകടനം പുറത്തെടുത്ത നോപ്പർട്ട് ക്ലബിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിച്ചു. ഇതിനിടെ നോപ്പർട്ടിന്‍റെ പ്രകടനത്തിൽ ആകൃഷ്‌ടരായ ബാല്യകാല ക്ലബ് ഹീറൻവീൻ താരത്തെ തിരിച്ചുവിളിക്കുകയായിരുന്നു. ഇത് വരെ ലീഗിൽ ഹീറൻവീനായി നടത്തിയ മികച്ച പ്രകടനം നോപ്പർട്ടിന് ലൂയി വാൻ ഗാലിന്‍റെ ഡച്ച് ടീമിൽ ഇടമെന്ന സ്വപന നേട്ടവും സമ്മാനിച്ചു.
ഉയരക്കാരന്‍ ഡച്ച് ടീമിന്‍റെ ഭാഗമായപ്പോൾ: ഈ ലോകകപ്പിലെ ഏറ്റവും ഉയരമുള്ള താരവും ആൻഡ്രിയാസ് നോപ്പർട്ട് എന്ന ആറടി എട്ടിഞ്ചുകാരനാണ്. ലോകകപ്പ് പോലുള്ള വലിയ വേദിയിൽ സെനഗലിനെതിരായ മത്സരത്തിൽ പരിചയസമ്പന്നനായ ഗോൾകീപ്പർ റംകൊ പെസ്വീറിന് പകരം നോപ്പർട്ടിന് അരങ്ങേറ്റം നൽകിയത് പലരെയും ഞെട്ടിക്കുന്നതായിരുന്നു. അതും കരിയറിൽ ഇതുവരെ ആദ്യ ഗോൾ കീപ്പർ ആവാത്ത, വെറും 51 മത്സരങ്ങളുടെ മാത്രം പരിചയം ഉള്ള, അതിൽ 34 എണ്ണവും ഈ വർഷം മാത്രം കളിച്ച നോപ്പർട്ടിന്‍റെ തിരഞ്ഞെടുപ്പിൽ സംശയം ഉണ്ടായില്ലെങ്കിലെ അതിശയം ഉള്ളൂ.
എന്നാൽ തന്‍റെ സ്വപ്‌നം അവസാനിക്കാൻ അനുവദിക്കാത്ത ആ കൃത്യതയോടെ നോപ്പർട്ട് ഡച്ച് ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ താരം എണ്ണം പറഞ്ഞ മൂന്ന് സേവുകളുമായി ഗോൾബാറിന് കീഴെ ഹോളണ്ടിനെ കാത്തു. ഒരു കെട്ട് കഥ പോലെ വിചിത്രവും അതേസമയം സ്വപ്‌നം കാണുന്ന അതിനായി പരിശ്രമിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതും ആയ കഥ തന്നെയാണ് നോപ്പർട്ടിന്‍റെത് എന്നതിൽ സംശയം ഒന്നുമില്ല.